രക്ഷയില്ല... പുതിയ തന്ത്രങ്ങൾ തേടി യുഡിഎഫ്‌ ; ഏകോപന സമിതി യോഗം നാളെ



സർക്കാർവിരുദ്ധ നീക്കങ്ങൾ തിരിച്ചടിയായതിനാൽ പുതിയ തന്ത്രങ്ങൾ മെനയാൻ യുഡിഎഫ് ഏകോപനസമിതി യോഗം വ്യാഴാഴ്ച ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങൾ മുഖ്യ അജൻഡയായി ഉയർത്തുന്നതിനെ എങ്ങനെ നേരിടുമെന്നതിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും വ്യക്തതയില്ല. സംസ്ഥാനത്താകെ അടിസ്ഥാനസൗകര്യ വികസനത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലുമുണ്ടാക്കിയ മുന്നേറ്റം എൽഡിഎഫിന്‌ മികച്ച പ്രചാരണായുധമാകും. സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ്‌ നേതാക്കളും ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌. ‘നാട്‌ ഭരിച്ചുമുടിച്ചു, വികസനം കാണാക്കണിയായി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിലപ്പോകില്ലെന്ന്‌ ഉറപ്പായതിനാൽ ആരോപണങ്ങളുടെ പുകപടലംമാത്രമാണ്‌ യുഡിഎഫിനാശ്രയം. കോവിഡ്കാലത്തെ ആൾക്കൂട്ട‌സമരത്തിനെതിരെ സമൂഹത്തിൽനിന്ന്‌ വ്യാപക വിമർശമുയർന്നിരുന്നു‌. ആൾക്കൂട്ടസമരം നിർത്തുകയാണെന്ന പ്രതിപക്ഷനേതവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രഖ്യാപനത്തെ മറുവിഭാഗം എതിർത്തു. സമരം നിർത്തിയിട്ടില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ പ്രഖ്യാപിച്ചു. വീണ്ടും തുടങ്ങിയ അഞ്ചാൾസമരം രണ്ടുദിവസംകൊണ്ട്‌ നിർത്തേണ്ടിയുംവന്നു. ഖുർആൻ വിഷയത്തിൽ ബിജെപിക്കൊപ്പം നടത്തിയ സമരം രാഷ്‌ട്രീയ വിഡ്‌ഢിത്തമായെന്ന്‌ കെപിസിസി നേതൃത്വവും ചില ഘടകകക്ഷികളും വിലയിരുത്തുന്നു. ലൈഫ്‌ ഭവനപദ്ധതിക്കെതിരെ ദുരാരോപണങ്ങളുയർത്തി വടക്കാഞ്ചേരിയിൽ 140 കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഇല്ലാതാക്കിയത്‌ തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരാകുമെന്ന ആശങ്കയും യുഡിഎഫിനുണ്ട്‌‌. കോടതിവിധിയും തിരിച്ചടിയായി‌. പി ടി തോമസ്‌ എംഎൽഎ വെട്ടിലായ കള്ളപ്പണ കൈമാറ്റവും ജോസ്‌ കെ മാണി വിഷയവും യോഗം ചർച്ച ചെയ്യും. Read on deshabhimani.com

Related News