കേന്ദ്രമന്ത്രിയുടെ കൊച്ചി സന്ദർശനത്തിൽ ദുരൂഹത; തങ്ങിയത്‌ രണ്ടുനാൾ



തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസ്‌ ചോദ്യം ചെയ്യലിനിടെ കേന്ദ്രമന്ത്രി വി മുരളീധരൻ തിരിക്കിട്ട്‌  നടത്തിയ കൊച്ചി സന്ദർശനത്തിൽ ദുരൂഹത. ജനംടിവി കോ–-ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തതിന്റെ അടുത്ത ദിവസങ്ങളിലാണ്‌ രണ്ടുനാൾ കേന്ദ്രമന്ത്രി കൊച്ചിയിൽ തങ്ങിയത്‌. ആഗസ്ത്‌ 27ന്‌ പകൽ 2.15ന്‌ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മന്ത്രി ആകെ അഞ്ച്‌ ദിവസമാണ്‌ കേരളത്തിൽ സന്ദർശനം നടത്തിയത്‌. ഇതിൽ ഒരു രാത്രിയും പകലും കൊച്ചിയിലായിരുന്നു. അവിടെ പൊതു പരിപാടിയിലോ സ്വകാര്യചടങ്ങിലോ  പങ്കെടുത്തതിന്‌ രേഖയുമില്ല. അതേസമയം, ഉന്നത ഉദ്യോഗസ്ഥരടക്കം പലരും ഗസ്‌റ്റ്‌ഹൗസിൽ സന്ദർശകരായി എത്തിയിരുന്നു. നെടുമ്പാശേരിയിൽനിന്ന്‌ തൃശൂർവഴി കോഴിക്കോട്‌ എത്തിയ മന്ത്രി അവിടെതങ്ങി. 29ന്‌ പുലർച്ചെ തലശേരിയിലെത്തിയ അദ്ദേഹം അന്നുതന്നെ കൊച്ചിയിൽ തിരിച്ചെത്തി. വൈകിട്ട്‌ ആറിന്‌ കൊച്ചിയിൽ എത്തിയ കേന്ദ്രമന്ത്രി രാത്രിയിൽ എറണാകുളം ഗസ്‌റ്റ്ഹൗസിൽ കഴിച്ചുകൂട്ടി. പിറ്റേന്ന്‌ പകലും മന്ത്രി കൊച്ചിയിൽ തന്നെയുണ്ടായിരുന്നു.  ഈ ദിവസങ്ങളിൽ അനിൽ നമ്പ്യാരും കൊച്ചിയിലുണ്ടായിരുന്നു. കോഴിക്കോട്ടും തലശേരിയിലും ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത കേന്ദ്രമന്ത്രി  പരിപാടികളില്ലാതെ എറണാകുളത്ത്‌ തങ്ങിയതിലാണ്‌ ദുരൂഹത. കൊച്ചിയിൽനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിയ വി മുരളീധരൻ സെപ്‌തംബർ ഒന്നിന്‌ ഡൽഹിക്ക്‌ തിരിച്ചുപോയി. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗിലൂടെ അല്ലെന്ന്‌ കസ്‌റ്റംസിന്‌ എഴുതിക്കൊടുക്കാൻ നിർദേശിച്ചത്‌ അനിൽ നമ്പ്യാർ ആണെന്ന്‌ സ്വപ്‌ന സുരേഷ്‌ മൊഴി നൽകിയിരുന്നു. ഇത്‌ പുറത്തായതിനെ തുടർന്നാണ്‌, കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്‌. വി മുരളീധരന്റെ കൊച്ചി സന്ദർശനത്തിന്‌ പിന്നാലെയാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്‌. സ്വർണക്കടത്ത്‌ വിവരം അനിൽ നമ്പ്യാർക്ക്‌ അറിയാമായിരുന്നൂവെന്ന്‌ വ്യക്തമായിട്ടും എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല.  ഉന്നത ഇടപെടലിനെ തുടർന്നാണിതെന്ന്‌ വ്യക്തമാകുകയാണ്‌. Read on deshabhimani.com

Related News