ചെങ്ങന്നൂർ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ അക്രമിച്ചു

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ സംഘർഷമുണ്ടായപ്പോൾ


ചെങ്ങന്നൂർ> ഗർഭിണിയായ  ഡോക്ടറെ  അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ  ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്.  ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.     അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ ബിഹാർ ശരൺ (44) എന്ന രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ  രോഗിക്ക് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലിലേക്ക് മാറ്റുന്നതിനായി ആംബുലൻസും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചപ്പോഴാണ്‌  ഇവർ പ്രശ്‌നമുണ്ടാക്കിയത്‌.  പരിശോധനക്കിടെ രോഗിക്കൊപ്പം ഉണ്ടായിരുന്നവർ ജോലിക്ക് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും സംഘർഷമുണ്ടാക്കുകയുമായിരുന്നു.    ബോധംവീണ രോഗി തന്നെ ഡോക്ടറെ ചവിട്ടാൻ ശ്രമിച്ചു. തടസംനിന്ന സെക്യൂരിറ്റി ജീവനക്കാരൻ സുരേന്ദ്രനാണ്‌ ചവിട്ടും, അടിയും കിട്ടിയത്‌. എട്ടു മാസം ഗർഭിണിയായ ഡോക്ടർ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ആംബുലൻസ് ഏർപ്പാട് ചെയ്‌തെങ്കിലും സ്വന്തം ഇഷ്ടപ്രകാരം രോഗിയുമായി അക്രമി സംഘം പോയി.  സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ യോഗം നടത്തി. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്തു. ഡോ. ടി അനിത അധ്യക്ഷയായി. ഡോ. സി ആർ ലത, ഡോ.സിറിയക് ജോർജ്‌, ഡോ.പി എം അഭിലാഷ്, ഡോ. കെ ജിതേഷ്, ഡോ.എം വി അരുൺ റാം, ജി പ്രകാശ്, എം പി സുരേഷ്‌കുമാർ , എം എസ് പ്രദീപ്കുമാർ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News