ആദ്യംകുടുങ്ങി... പിന്നെ കിടുക്കി



  ആലപ്പുഴ  വേദിമാറ്റം നാടക അവതരണത്തിൽ ആദ്യം കല്ലുകടിയായെങ്കിലും തട്ടിൽകയറി കുട്ടികൾ നിറഞ്ഞാടിയതോടെ രംഗം ശാന്തം. പിന്നെ ആകാംക്ഷ, ആഹ്ലാദം. എസ്‌ഡിവി സെന്റിനറി ഹാളിൽ നടത്താൻ നിശ്ചയിച്ച യുപി വിഭാഗം നാടകമത്സരം എസ്‌ഡിവിയിലെ ബസന്റ്‌ ഹാളിലേക്കാണ്‌ മാറ്റിയത്‌. സ്‌റ്റേജിന്റെ വലിപ്പക്കുറവ്‌ നാടക അവതരണത്തെ ബാധിച്ചു. മൈക്കിന്റെ ശബ്‌ദക്കുറവും അവതരണത്തെ പ്രതികൂലമായി ബാധിച്ചതോടെ പരിശീലകരും അധ്യാപകരും രക്ഷിതാക്കളും സ്‌റ്റേജിന്‌ മുന്നിലെത്തി പ്രതിഷേധിച്ചു. ഏറെനേരം തർക്കമുണ്ടായി. സംഘാടകർ ഇടപെട്ട്‌ തർക്കങ്ങൾ ഒഴിവാക്കി അരങ്ങുണർന്നതോടെ വീറുംവാശിയും ആകാംക്ഷയും നിറഞ്ഞു. യുപി വിഭാഗത്തിൽ ആറു സ്‌കൂളുകളാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌. നീർക്കുന്നം എസ്‌ഡിവി സ്‌കൂളിലെ ‘മഴയ്‌ക്കിടയിലൂടെയുള്ള വെയിൽ’ ഒന്നാംസ്ഥാനം നേടി. കായംകുളം കെഎൻഎംജിയുപി സ്‌കൂളിലെ ‘അസൂയക്കാരന്റെ കണ്ണ്‌’ രണ്ടാമതെത്തി. മാവേലിക്കര ഗവ.ഗേൾസ്‌ യുപിയുടെ ‘കാസിമിന്റെ ചെരുപ്പ്‌,’ മതിലകം ലിറ്റിൽ ഫ്ലവർ സ്‌കൂളിന്റെ ‘ഒരുമിഠായിക്കഥ’ തുടങ്ങിയ നാടകങ്ങളും അരങ്ങുണർത്തി. മഴയ്‌ക്കിടയിലൂടെ വെയിലിലെ ഷിമോ ആയി വേഷമിട്ട ഏഴാംക്ലാസുകാരി മൃദുല മുരളി മികച്ച നടിയായും അസൂയക്കാരന്റെ കണ്ണിലെ കണ്ണനായി വേഷമിട്ട നാരായൺലാൽ മികച്ച നടനായും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News