പക്ഷികളുടെ ഉപയോഗവും 
വിപണനവും കടത്തലും നിരോധിച്ചു



  ഹരിപ്പാട്  പുറക്കാട്, കരുവാറ്റ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാർത്തികപ്പള്ളി, എടത്വ, തകഴി, വീയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബർ നാല് വരെ നിരോധിച്ച് കലക്‌ടർ ഉത്തരവായി. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും നിർദേശിച്ചു. താറാവുകളെ 
ഇന്ന് കൊല്ലും അമ്പലപ്പുഴ പക്ഷിപ്പനി ബാധിച്ച താറാവുകളെ ബുധനാഴ്‌ച കൊല്ലും. പുറക്കാട് പഞ്ചായത്തിലെ നാലുചിറ പടിഞ്ഞാറ് പാടത്ത് തീറ്റയ്‌ക്കെത്തിച്ച 2300 താറാവുകളെയാണ് പനിബാധയെ തുടർന്ന് കൊല്ലുക. കരുവാറ്റ സ്വദേശി ദേവരാജന്റെ 9300 താറാവുകളെയാണ് ഇവിടെ തീറ്റയ്‌ക്കെത്തിച്ചത്. ഇതിന് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മൃഗസംരക്ഷണവകുപ്പ് ആദ്യഘട്ടത്തിൽ കൊല്ലാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, അംഗം പ്രിയ അജേഷ്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചൊവ്വാഴ്‌ച സ്ഥലം സന്ദർശിച്ചിരുന്നു. Read on deshabhimani.com

Related News