പൊതുമേഖലാ സ്ഥാപനങ്ങൾ 
ലാഭകരമാകണം: പി രാജീവ്‌

കേരള സ്റ്റേറ്റ് ഡ്രഗ‍്സ‍് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ (കെഎസ്ഡിപി) ഓങ്കോളജി ഫാർമ പാർക്ക് നിർമാണം മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  അർബുദത്തിനടക്കമുള്ള മരുന്നുകളും മറ്റും സംസ്ഥാനത്തുതന്നെ ഉൽപ്പാദിപ്പിച്ച്‌ ചികിത്സാച്ചെലവിന്റെ ഭാരം കുറയ്‌ക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസിന്‌ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർബുദത്തിനുള്ള വില കൂടിയ മരുന്നുകളും മറ്റ്‌ ആധുനിക ചികിത്സാ സംവിധാനങ്ങളും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്‌. ഭാരിച്ച ചികിത്സാച്ചെലവ്‌ താങ്ങാനാകാത്തതാണ്‌. മരുന്നുവാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ട അവസ്ഥയാണ്‌. ഈ ചെലവ്‌ കുറയ്‌ക്കാനാകണം. ഇതിനു സാധിച്ചാൽ സാധാരണക്കാർക്ക്‌ ചികിത്സ പ്രാപ്യമാകും.  പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരാധിഷ്ഠിതവും ലാഭം ഉണ്ടാക്കുന്നതുമാകണം. എപ്പോഴും സർക്കാരിനെ ആശ്രയിച്ചുമാത്രം നിൽക്കാൻ പാടില്ല. ഒരുഘട്ടത്തിൽ സർക്കാർ സഹായം ആവശ്യമായിവരും. പിന്നീട്‌ സർക്കാരിനെ തിരിച്ചും സഹായിക്കുന്ന രൂപത്തിലേക്ക്‌ സ്ഥാപനങ്ങൾ ശക്തിപ്പെടണം. അതിനുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകും.  വരുന്ന 30 വർഷങ്ങൾ ബയോളജിയിലും ബയോടെക്‌നോളജിയിലും ലോകം മുന്നേറ്റങ്ങൾക്ക്‌ സാക്ഷ്യംവഹിക്കും. ഇത്‌ മുൻകൂട്ടി കണ്ടാണ്‌ സംസ്ഥാന സർക്കാർ ഉൽപ്പാദനം ശക്തിപ്പെടുത്തുന്നത്‌. അതിൽ പ്രധാന പങ്കുവഹിക്കാൻ കെഎസ്‌ഡിപിക്ക്‌ കഴിയും. ഉൽപ്പന്ന ഗുണനിലവാരത്തിൽ  വിട്ടുവീഴ്‌ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഓങ്കോളജി ഫാർമ പാർക്കിന്റെ ശില മന്ത്രി അനാച്ഛാദനംചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. Read on deshabhimani.com

Related News