കാർഡിൽ തൊട്ടറിഞ്ഞു 
എല്ലാം കാണുന്ന സർക്കാരിനെ

റേഷൻകാർഡ് ലഭിച്ച നടേശനും ഭാര്യ ചന്ദ്രികയും


 ചേർത്തല കൈയിൽ കിട്ടിയ റേഷൻകാർഡിൽ എഴുതിയത് കാണാനോ വായിക്കാനോ നടേശന് കഴിയില്ല. എന്നാൽ, എഎവൈ കാർഡിനായുള്ള തന്റെ ഏറെനാളത്തെ കാത്തിരിപ്പ്‌ സർക്കാർ സഫലമാക്കിയ സന്തോഷത്തിലാണ്‌ ഈ അമ്പത്തിയാറുകാരൻ. കരുതലും കൈത്താങ്ങും ചേർത്തല താലൂക്ക് പരാതിപരിഹാര അദാലത്തിലാണ് അരൂർ ആറാം വാർഡ് ചന്ദ്രികനിവാസിൽ കെ എൻ നടേശന്റെ മുൻഗണനാ വിഭാഗത്തിലായിരുന്ന റേഷൻകാർഡ് കൂടുതൽ ആശ്വാസമേകുന്ന എഎവൈ വിഭാഗത്തിലേക്ക് മാറ്റിനൽകിയത്‌.    കാഴ്‌ചയില്ലാത്ത നടേശൻ മൂന്ന് സെന്റ് ഭൂമിയിൽ സർക്കാർ അനുവദിച്ച വീട്ടിലാണ് ഭാര്യയുമൊത്ത് താമസം. തെങ്ങുകയറ്റ തൊഴിലാളിയായ അദ്ദേഹത്തിന് കാഴ്‌ച നഷ്‌ടമായിട്ട്‌ 26 വർഷമായി. എന്നിട്ടും ഇപ്പോഴും തെങ്ങുകയറുന്നുണ്ട്‌. ചെമ്മീൻ പീലിങ് തൊഴിലാളിയാണ്‌ ഭാര്യ ചന്ദ്രിക.  ഇവരുടെ ദയനീയസ്ഥിതി നേരിട്ടെത്തി മനസിലാക്കിയ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാർഡ്‌ മാറ്റിനൽകിയത്‌. Read on deshabhimani.com

Related News