അങ്കണവാടികളിൽ ഇന്ന്‌ ചിരിക്കിലുക്കം

കളിചിരിയുണരുന്നു... അങ്കണവാടി ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുരുന്നുകളെ വരവേൽക്കാൻ ക്ലാസ്മുറികൾ അലങ്കരിക്കുന്ന അങ്കണവാടി വർക്കർ സൂര്യഗായത്രിയും ഹെൽപ്പർ അമ്മിണിയും പൂർവവിദ്യാർഥികളും. മണ്ണഞ്ചേരി പഞ്ചായത്ത്‌ 15–ാം വാർഡിലെ 48----‑ാം നമ്പർ അങ്കണവാടിയിൽനിന്ന്


മാരാരിക്കുളം ആടിയും പാടിയും ചിരിച്ചും രസിച്ചും "ചിരിക്കിലുക്ക'വുമായി കുരുന്നുകൾ ചൊവ്വാഴ്‌ച അങ്കണവാടികളിലേക്ക്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളും ചിരിക്കിലുക്കത്തിൽ ചേരും. സംയോജിത ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പരിസ്ഥിതിദിനത്തിലാണ് ആഘോഷ പരിപാടികൾ സമാപിക്കുക. പ്രവേശനദിവസം തണ്ണിമത്തൻ, ചെമ്പരത്തി ജ്യൂസ്‌, റാഗി, തിന എന്നിവ കൊണ്ടുള്ള ലഡു, ചക്കപ്പഴം, മാങ്ങ എന്നിവ നൽകിയാണ് കുട്ടികളെ വരവേൽക്കേണ്ടത്. കൃത്രിമ പാനീയങ്ങളും ആഹാരവസ്‌തുക്കളും കൊടുക്കാൻ പാടില്ല. കുട്ടികൾക്കായി സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. "അങ്കണവാടിയിലെ എന്റെ ആദ്യദിനം’എന്ന പേരിലാണ് ഫോട്ടോ ഫ്രെയിം തയാറാക്കിയിട്ടുള്ളത്. സെൽഫി ഫോട്ടോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവദിവസം അങ്കണവാടിയിൽ എത്തുന്നവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാം. ‘അങ്കണവാടി കാഴ്‌ചകൾ’ എന്നതാണ് വിഷയം. ഇക്കുറി രണ്ടാഴ്‌ച മുമ്പേ വൈവിധ്യമാർന്ന മുന്നൊരുക്കം തുടങ്ങി. അങ്കണക്കൂട്ടം ചേർന്ന് പ്രവർത്തനം ആസൂത്രണംചെയ്‌തു. തുടർന്ന് നടന്ന ഗൃഹാങ്കണസംഗമത്തിൽ അങ്കണവാടി വർക്കർ സേവനങ്ങൾ വിശദീകരിച്ചു. പുതിയതായി ചേരുന്ന കുട്ടികളുടെ വീടുകളിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്‌നേഹയാത്ര നടത്തി സമ്മാനപ്പൊതികൾ കൈമാറി. അങ്കണവാടിയും പരിസരവും ബഹുജന പങ്കാളിത്തത്തോടെ വൃത്തിയാക്കി.  ജൂൺ മൂന്നിന് പ്രകൃതിയെ പരിചയപ്പെടുത്തി കുട്ടികളുമായി പ്രകൃതിനടത്തം, നാലിന് വീടുകളിൽ ഫലവൃക്ഷത്തൈ നടീൽ എന്നിവയുണ്ടാകും. പരിസ്ഥിതിദിനത്തിൽ അങ്കണവാടികളിൽ ‘എന്റെ തോട്ടം’ എന്ന പേരിൽ പച്ചക്കറിത്തോട്ടവും ഒരുക്കും. Read on deshabhimani.com

Related News