ഉമ്മൻചാണ്ടിയേയും ബഹിഷ്‌കരിച്ച്‌ ലീഗ്‌



അമ്പലപ്പുഴ തദ്ദേശതെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ യുഡിഎഫിലെ ഭിന്നത വർധിച്ചു. സീറ്റ്‌ വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത പരിപാടി മുസ്ലിം ലീഗ്‌ ബഹിഷ്‌കരിച്ചു.  കഴിഞ്ഞ ദിവസം നീർക്കുന്നത്തുനടത്തിയ യുഡിഎഫ് കൺവീനർ എം എം ഹസൻ പങ്കെടുത്ത പരിപാടിയും ലീഗ് ബഹിഷ്‌കരിച്ചിരുന്നു. ശനിയാഴ്‌ച പുന്നപ്രയിൽ നടന്ന യുഡിഎഫ് ബ്ലോക്ക് കൺവൻഷനാണ് ലീഗ് നേതാക്കൾ ബഹിഷ്‌കരിച്ചത്. ശാരീരിക അസ്വസ്ഥതകളാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതിന് കാരണമായി പറയുന്നതെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായുണ്ടായ തർക്കമാണ് ബഹിഷ്‌ക്കരണത്തിന്‌ കാരണം. അഞ്ചു പഞ്ചായത്തുകളിലെ സ്ഥാനാർഥി സംഗമം ഉൾപ്പടെയുള്ള പരിപാടികളാണ് ബ്ലോക്ക് കൺവൻഷന്റെ ഭാഗമായി നടത്തിയത്. ഇതിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ലീഗ് നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തില്ല. ലീഗ് ജില്ലാ ട്രഷറർ, ജില്ലാ സെക്രട്ടറി എന്നിവരും കൺവൻഷനിൽ നിന്നു വിട്ടുനിന്നു. ഇരു പാർട്ടികളുടേയും ജില്ലാ നേതൃത്വങ്ങൾ തമ്മിൽ തീരുമാനിച്ച സീറ്റുകൾ പോലും വിട്ടുനൽകാതെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും, ബ്ലോക്കു പഞ്ചായത്തിലുൾപ്പടെ കൂടുതൽ സീറ്റുകൾ നൽകാമെന്ന മുൻ ധാരണ ലംഘിച്ചതുമാണ് ചേരിപ്പോരിനു കാരണമായത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗും മത്സര രംഗത്തുണ്ട്. Read on deshabhimani.com

Related News