വിദ്വേഷ മു​ദ്രാവാക്യം
കുറ്റപത്രം ഉടൻ



ആലപ്പുഴ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്‌ റാലിയിൽ കുട്ടിയെക്കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം വിളിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കുട്ടിയുടെ അച്ഛൻ, തോളത്തേറ്റിയയാൾ, പരിശീലിപ്പിച്ചവർ, പോപ്പുലർ ഫ്രണ്ട്​ നേതാക്കൾ എന്നിവരടക്കം 35 പ്രതികളാണ്‌ കേസിൽ.  33 പേർ അറസ്‌റ്റിലായി. കുട്ടിയുടെ അച്ഛൻ  27–-ാം പ്രതി അസ്‌കർ ലത്തീഫ്‌ ആണ്‌ മുദ്രാവാക്യം എഴുതിതയ്യാറാക്കിയതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിലും കുട്ടിയെ ഉപയോഗിച്ചു. മെയ്‌ 21ന്​ നടന്ന റാലിയിലാണ്​ പത്തുവയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്​. പിഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌​ നവാസ് വണ്ടാനമാണ്‌ (30) ഒന്നാംപ്രതി. പിഎഫ്ഐ ജില്ലാ സെക്രട്ടറി മുജീബ്‌ രണ്ടാംപ്രതിയും ഈരാറ്റുപേട്ട നടയ്‍ക്കൽ പാറനാനി അൻസാർ നജീബ് (30) മൂന്നാം പ്രതിയുമാണ്‌. കുട്ടിയെ തോളിലേറ്റിയവരിലൊരാളാണ്‌ അൻസാർ നജീബ്. തോളിലേറ്റിയവരിൽ ഒരാളും മുജീബുമാണ്‌ അറസ്‌റ്റിലാകാനുള്ളത്‌. മുജീബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്‌. തോളിലേറ്റിയ രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.  മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത്‌ രണ്ടുപേരാണ്‌. അസ്‌കർ ലത്തീഫിന്റെ സുഹൃത്ത്‌ എസ്​ഡിപിഐ മണ്ഡലം സെ​ക്രട്ടറി പള്ളുരുത്തി ഞാറക്കാട്ടിൽ സുധീർ (41), പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റ്‌ ഷമീർ എന്നിവരാണ്‌ ​മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത്‌. ഷമീർ  25–-ാം പ്രതിയും സുധീർ 26–-ാം പ്രതിയുമാണ്‌. കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചതിനും ബാലനീതി നിയമപ്രകാരവുമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹൈക്കോടതി ജഡ്‌ജിയെ അധിക്ഷേപിച്ചതിനും  പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന സമിതിയംഗം തൃ​ശൂർ പെരുമ്പിലാവ്​ അഥീനയിൽ യഹിയ തങ്ങൾക്കെതിരെ കേസുണ്ട്‌. 33 പ്രതികൾക്കും ജാമ്യം ലഭിച്ചു. Read on deshabhimani.com

Related News