കുത്തഴിഞ്ഞ് 
മാവേലിക്കര നഗരസഭ



മാവേലിക്കര യുഡിഎഫ് ഭരണത്തിൽ ക്രമക്കേടുകളുടെ കൂത്തരങ്ങായി മാവേലിക്കര നഗരസഭ. തിങ്കളാഴ്‌ച നഗരസഭാ കൗൺസിലിൽ ബിജെപി–--യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലൂടെ പുറത്തുവരുന്നത് അഴിമതിക്ക് കുടപിടിക്കുന്ന ഇരുകൂട്ടരുടെയും നിലപാടുകൾ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഡേറ്റാ ഓപ്പറേറ്ററായ കരാർ ജീവനക്കാരിയുടെ കാലാവധി പുതുക്കുന്നതു സംബന്ധിച്ച ചർച്ചയാണ്‌  നഗരസഭയിൽ യുഡിഎഫും ബിജെപിയും കാട്ടിക്കൂട്ടുന്ന വിക്രിയകൾ പുറത്തുവരാൻ കാരണമായത്. 17ന് നടന്ന ചർച്ചയുടെ തുടർച്ചയായാണ് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ട് സഹിതം തിങ്കളാഴ്‌ച വീണ്ടും വിഷയം ചർച്ചയ്ക്കെത്തിയത്‌. റിപ്പോർട്ടിൽ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗരവതരമായ നിരവധി ന്യൂനതകൾ ചൂണ്ടിക്കാട്ടി. അവ പരിഹരിക്കാൻ നടപടി സ്വീകരിച്ചെന്ന്‌ റിപ്പോർട്ടിൽ സൂചിപ്പിച്ചെങ്കിലും ഫയലുകൾ താഴേതട്ടിൽ കൈകാര്യം ചെയ്യുന്ന ഡേറ്റാ എൻട്രി ഓപ്പറേറ്റർ മുതൽ വീഴ്‌ച വരുത്തിയതായി കാണുന്നുവെന്നും വ്യക്തമാക്കി. 'അതിനാൽ കരാർ ജീവനക്കാരുടെ സേവന കരാർ പുതുക്കി നൽകുന്നതിന്, റിപ്പോർട്ടിൽ സൂചിപ്പിച്ച ഘടകങ്ങൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് കൗൺസിലിൽ റിപ്പോർട്ട് ചെയ്യുന്നു' എന്നാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശം ഉണ്ടായിട്ടും ബിജെപി കൗൺസിലർമാർ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിലനിർത്തണമെന്ന നിലപാട്‌ സ്വീകരിച്ചു. ബിജെപി നിലപാടിനെ സിപിഐ എം കൗൺസിലർമാർ എതിർത്തു. ഇതിനിടെ റിപ്പോർട്ടിനെ ചൊല്ലി യുഡിഎഫ്–- ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥിതി ശാന്തമാക്കി.  17ന് നടന്ന കൗൺസിൽ യോഗത്തിന് ശേഷം പ്രധാനപ്പെട്ട ഫയലുകൾ മുക്കിയതായും ആരോപണമുണ്ട്. യുഡിഎഫ് ഭരണത്തിൽ മാവേലിക്കര നഗരസഭയിൽ നടക്കുന്ന ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News