വേനലവധി ആഘോഷമാക്കി ടൂറിസം ബോട്ട്‌ സർവീസുകൾ

ആലപ്പുഴയിൽ സർവീസ് നടത്തുന്ന ടൂറിസം ബോട്ടുകൾ


ആലപ്പുഴ അവധിക്കാലം ആഘോഷമാക്കി ആലപ്പുഴയിലെ ബജറ്റ്‌ ടൂറിസം ബോട്ട്‌ സർവീസുകൾ. വേനലവധി ആരംഭിച്ച മാർച്ച്‌ 31 മുതൽ മെയ്‌ 25 വരെ ജലഗതാഗതവകുപ്പ്‌ ആരംഭിച്ച ബജറ്റ്‌ ടൂറിസം ബോട്ട്‌ സർവീസുകളായ വേഗ രണ്ട്‌, സീ കുട്ടനാട്‌ ബോട്ടുകൾ നേടിയത്‌ 53.20 ലക്ഷം രൂപ. കുറഞ്ഞ ചെലവിൽ കായൽ കാഴ്‌ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന വേഗ രണ്ട്‌, സീ കുട്ടനാട്‌ ബോട്ടുകളാണ്‌ വേനലവധിയിൽ ഹൗസ്‌ഫുള്ളായി തുടരുന്നത്‌. സംസ്ഥാനത്ത്‌ സ്‌കൂളുകൾ അടച്ച 56 ദിവസം പിന്നിടുമ്പോഴും സഞ്ചാരികൾക്ക്‌ പ്രിയങ്കരമായി തുടരുകയാണ്‌. 11,760 സഞ്ചാരികളാണ്‌ ഈ ദിവസങ്ങളിൽ സീകുട്ടനാട്‌, വേഗ രണ്ട്‌ ബോട്ടുകളിൽ ജില്ലയുടെ കായൽ സൗന്ദര്യം ആസ്വദിച്ചത്‌. അതിവേഗ എസി ബോട്ട്‌ വേഗ -രണ്ട്‌ 31,36,000 രൂപയും അത്യാധുനിക പാസഞ്ചർ കം ടൂറിസം ബോട്ടായ സീകുട്ടനാട്‌ 21,84,000 രൂപയും കളക്ഷൻ നേടി. മെയ്‌ 30 വരെയുള്ള ബുക്കിങ്‌ പൂർത്തിയാകുന്ന ഘട്ടത്തിലുമാണ്‌. ആവശ്യക്കാർ ഏറിയതോടെ സീകുട്ടനാടും വേഗയുടെ മാതൃകയിൽ മുഴുവൻ സമയ ടൂറിസം ബോട്ടായാണ്‌ ഇപ്പോൾ സർവീസ്‌നടത്തുന്നത്‌. കുറഞ്ഞ ചെലവിൽ ആറുമണിക്കൂർ കായൽ സൗന്ദര്യം ആസ്വദിക്കാമെന്നതാണ്‌ ജല ഗതാഗത വകുപ്പിന്റെ ടൂറിസ്‌റ്റ്‌ സർവീസുകളുടെ പ്രത്യേകത.  പകൽ11 ന്‌ ആലപ്പുഴ ജെട്ടിയിൽനിന്ന്‌ യാത്ര ആരംഭിച്ച്‌ പുന്നമടക്കായൽ, വേമ്പനാട് കായൽ, മുഹമ്മ, പാതിരാമണൽ വഴി കുമരകത്ത്‌എത്തും. തുടർന്ന്‌ റാണി, ചിത്തിര, മാർത്താണ്ഡം, ആർബ്ലോക്ക്‌, മംഗലശേരി, കുപ്പപ്പുറം വഴി തിരികെ വൈകിട്ട്‌ 4.30ന്‌ ആലപ്പുഴയിൽ എത്തുന്നതാണ്‌ വേഗ രണ്ട്‌ സർവീസ്‌. 40 എസി സീറ്റും 80 നോൺ എസി സീറ്റുമാണ്‌ ബോട്ടിൽ. എസിക്ക്‌ 600ഉം നോൺ എസിക്ക്‌ 400രൂപയുമാണ്‌ നിരക്ക്‌. കുടുംബശ്രീയുടെ രുചികരമായ ഭക്ഷണം 100 രൂപയ്‌ക്ക്‌ ലഭിക്കും. 11.45ന്‌ മാത ജെട്ടിയിൽനിന്ന്‌ സർവീസ്‌ ആരംഭിക്കുന്ന സീകുട്ടനാട്‌ ബോട്ടിൽ ഇരുനിലകളിലായി 90 സീറ്റുകളാണുള്ളത്‌.  മുകളിൽ 500 രൂപയും താഴെ 400 രൂപയുമാണ്‌ ടിക്കറ്റിന്‌. ഭക്ഷണം വിതരണംചെയ്യാൻ കുടുംബശ്രീ കഫ്റ്റീരിയയുമുണ്ട്​. വൈകിട്ട്‌ അഞ്ചോടെ മാത ജെട്ടിയിൽ തിരിച്ചെത്തും. ഇവയ്‌ക്ക്‌ പുറമേ മുമ്പ്‌ സർവീസ്‌ നടത്തിയിരുന്ന സീകുട്ടനാട്‌ ബോട്ടും പാസഞ്ചർ കം ടൂറിസം സർവീസുകൾ നടത്തുന്നുണ്ട്‌. ആലപ്പുഴ-​ പുന്നമട​- വേമ്പനാട്​ കായൽ, പാണ്ടിശേരി, കൈനകരി റോഡ്മുക്ക്​ എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തി വഴി ആലപ്പുഴയിലേക്കുമാണ്​ യാത്ര.​ പുലർച്ചെ 5.30 മുതൽ സർവീസ്​ തുടങ്ങും. രണ്ടുമണിക്കൂർ നീളുന്ന യാത്രയ്‌ക്ക്‌​ മുകൾ നിലയ്‌ക്ക്‌​ 120 രൂപയും (ഒരുവശത്തേക്ക്​ 60 രൂപ), താഴത്തെനിലയിൽ 46 രൂപയുമാണ്​ (ഒരുവശത്തേക്ക്​ 23 രൂപ) നിരക്ക്​. സഞ്ചാരികൾക്കായി ആലപ്പുഴ ബോട്ട്​ ജെട്ടിയിൽനിന്ന്‌ രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ്​ സർവീസ്​. Read on deshabhimani.com

Related News