സംഭരിച്ച നെല്ലിന്റെ വില 
ഉടൻ വിതരണം ചെയ്യണം: 
കർഷക സംഘം



ആലപ്പുഴ  സംഭരിച്ച നെല്ലിന്റെ വില നൽകാൻ ബാങ്കുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നൽകാൻ കനറാബാങ്ക്‌, എസ്‌ബിഐ, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോഷ്യത്തെയാണ് സപ്ലൈകോ ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവിലയായി പ്രഖ്യാപിച്ച 20.40 രൂപ യഥാസമയം ലഭിക്കുന്നില്ല. അതിനാൽ സപ്ലൈകോ വായ്പയെടുത്ത്‌ സംസ്ഥാന സർക്കാർ സബ്സിഡിയും  കൈകാര്യ ചെലവും ചേർത്ത് 28.32 രൂപയാണ്‌ കർഷകർക്ക് നൽകുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പിൽപെടുത്തുകയും പരിധി നേർപകുതിയായി വെട്ടിക്കുറക്കുകയും ചെയ്തതിനാൽ സപ്ലൈകോയ്‌ക്ക് നേരിട്ട് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത്‌ കർഷകർക്ക് പണം നൽകാനാവാത്ത സ്ഥിതിയാണ്‌. ഇതിനാലാണ് പിആർഎസ്‌ വായ്പയായി നെല്ലുവില നൽകാൻ സപ്ലൈകോയും സർക്കാരും തീരുമാനിച്ചത്‌. മെയ് മൂന്നിന്‌ മുഖ്യമന്ത്രി  നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ അടിയന്തരമായി വില നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്‌തു. ബാങ്കുകളുടെ കൺസോഷ്യം വഴി നെല്ലുവില വിതരണം ചെയ്യാൻ ധനവകുപ്പ് മെയ് ആദ്യം തന്നെ 700 കോടി രൂപയുടെ അനുമതി നൽകിയതാണ്. ഇത്ര ദിവസം പിന്നിട്ടിട്ടും കനറാ ബാങ്ക് മാത്രമാണ് വില നൽകാൻ തയാറായിട്ടുള്ളത്. എസ്‌ബിഐ, ഫെഡറൽ ബാങ്കുകൾ നിഷേധ സമീപനമാണ് സ്വീകരിക്കുന്നത്. വില ഉടൻ നൽകിയില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ശാഖകളുടെയും പ്രവർത്തനം സ്‌തംഭിപ്പിക്കും വിധം കർഷകസംഘം സമരം നടത്തുമെന്ന്‌  ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News