തൊഴിലന്വേഷകര്‍ 3.5 ലക്ഷത്തിലേറെ



ആലപ്പുഴ നോളഡ്‌ജ് ഇക്കോണമി മിഷനിലൂടെ സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച സർവേയിൽ ജില്ലയിൽ രജിസ്‌റ്റർ ചെയ്‍തത് 3,85,392 പേർ. 80 കുടുംബശ്രീ സിഡിഎസുകളിലെ സർവേ പൂർത്തിയായി. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നതിനാൽ മണ്ണഞ്ചേരി സിഡിഎസിൽ സർവേ നടത്താൻ ബാക്കിയുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പറഞ്ഞു. തൊഴിൽ അന്വേഷകരിൽ കൂടുതൽ സ്‍ത്രീകളാണ്. 2,23,443 പേർ. രജിസ്‌റ്റർ ചെയ്‍ത പുരുഷന്മാരുടെ എണ്ണം 1,61,719.  21 മുതൽ 30 വരെ പ്രായമുള്ളവരാണ് അധികവും. 2,02,082 പേർ ഈ വിഭാഗത്തിലുണ്ട്‌. 1,57,543 പേരും പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. കുടുംബശ്രീയുടെ 4325 എന്യൂമറേറ്റർമാർ ചേർന്നാണ് വീടുകൾ സന്ദർശിച്ച്‌ വിവരം ശേഖരിച്ചത്‌. തൊഴിൽ അന്വേഷകരെ വീടുകളിലെത്തി കണ്ടെത്തുകയാണ് ലക്ഷ്യം. മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവർ, കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്‌ടമായ അഭ്യസ്‍തവിദ്യർ, പലകാരണങ്ങളാൽ ജോലിയിൽനിന്ന് ഇടവേള എടുക്കേണ്ടി വന്ന സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്തി വഴികാട്ടും. സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിൽ നേരിട്ടെത്തിയാണ് തൊഴിൽ രഹിതരുടെ വിവരങ്ങൾ ശേഖരിച്ചത്.  മുഴുവൻ സമയം, ഫ്രീലാൻസ്, പാർട്‌ ടൈം എന്നിങ്ങനെ ഇഷ്‌ടമുള്ള തരത്തിൽ ജോലി ചെയ്യാനും ഒന്നിലധികം ജോലി ചെയ്യാനും കഴിയും. പദ്ധതി വിശദീകരണത്തിനൊപ്പം സർവേയും പൂർത്തിയാക്കുകയായിരുന്നു. ‘ജാലകം' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്‌ വിവരശേഖരണം. വാർഡ് അംഗങ്ങൾ, അയൽക്കൂട്ടാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം തുടങ്ങിയവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തിയത്.  വിവിധ കമ്പനികളിൽ മികച്ച തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കും. സിഡിഎസ് തലത്തിലാണ് ഏകോപനം. മെയ് എട്ടിനാണ് സർവേ തുടങ്ങിയത്. Read on deshabhimani.com

Related News