അടിമുടിമാറി കാക്കാഴം സ്‌കൂൾ

കാക്കാഴം ഗവ. സ്‍കൂളിലെ പുതിയ കെട്ടിടം


അമ്പലപ്പുഴ കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നു കോടി രൂപ ചെലവിൽ ബഹുനിലക്കെട്ടിടമൊരുങ്ങി. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മാനേജരായിരുന്ന താമര ഭാഗത്ത് ശ്രീരംഗം വീട്ടിൽ ജി നാരായണ പണിക്കരുടെ ഭാര്യ ഡി സേതുഭായിയാണ് നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്ക് ആക്കംകൂട്ടാൻ സ്‌കൂൾ സർക്കാരിന് കൈമാറിയത്‌. മന്ത്രിയായിരുന്ന ജി സുധാകരന്റെ ഇടപെടലിൽ 2011ൽ സ്‌കൂൾ സർക്കാർ ഏറ്റെടുത്തു. എച്ച് സലാം എംഎൽഎയുടെ ഇടപെടലിൽ കിഫ്ബിവഴി മൂന്നുകോടി രൂപ അനുവദിച്ചു. കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കി. മൂന്നുനിലകളിൽ എച്ച്എസ് വിഭാഗത്തിന് 12 ക്ലാസ് മുറികളും മൂന്ന് ലാബുണ്ട്‌. ആധുനിക സൗകര്യങ്ങളോടെയാണ്‌ നിർമാണം. 19 ഡിവിഷനുകളിൽ എച്ച് എസ് വിഭാഗത്തിൽ മാത്രം 740 കുട്ടികളാണുള്ളത്. തുടർച്ചയായി നാലാംവർഷവും നൂറു ശതമാനം വിജയം നേടിയ സ്‌കൂൾ ഒരു നൂറ്റാണ്ടിലേറെയായി നാടിന് അക്ഷരവെളിച്ചം പകരുന്നു. 2014ൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കും തുടക്കം കുറിച്ചു. 230 വിദ്യാർഥികളാണ് ഇരുവിഭാഗങ്ങളിലുമായുള്ളത്. Read on deshabhimani.com

Related News