16 നാൾ; 9 ലക്ഷം ബോട്ടിൽ



ആലപ്പുഴ കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിനുള്ള ഹാൻഡ്‌ സാനിറ്റൈസറിന്റെയും അവശ്യമരുന്നുകളുടെയും നിർമാണത്തിൽ റെക്കോഡ്‌ വേഗവുമായി ആലപ്പുഴ കെഎസ്‌ഡിപി. ശനിയാഴ്‌ചവരെ ഒമ്പതുലക്ഷം ബോട്ടിലുകളിലായി 4.5 ലക്ഷം ലിറ്റർ സാനിറ്റൈസർ ഉൽപ്പാദിപ്പിച്ച്‌  വിതരണംചെയ്‌തതായി കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു. കെഎസ്‌ഡിപി ഇതേവരെ ഉൽപ്പാദിപ്പിച്ചിട്ടില്ലാത്ത ഹാൻഡ്‌ സാനിറ്റൈസർ നിർമാണം മാർച്ച്‌ 11നാണ്‌ സർക്കാർ ഏൽപ്പിച്ചത്‌. 12ന് ഉൽപ്പാദനത്തിനുള്ള ശ്രമം തുടങ്ങി. 13ന്‌ 500 മില്ലിയുടെ 2000 ബോട്ടിൽ ഉൽപ്പാദിപ്പിച്ചു. അടുത്തദിവസം 5000 ആയും തുടർന്നുള്ള ദിവസങ്ങളിൽ 15,000 ആയും ഉൽപ്പാദനം വർധിച്ചു.  ഇപ്പോൾ ദിവസം  55,000 ബോട്ടിലാണ്‌ ഉൽപ്പാദനം.   ഭൂരിഭാഗവും മെഡിക്കൽ സെയിൽസ്‌ കോർപറേഷൻ വഴി ആരോഗ്യവകുപ്പിനാണ്‌ കൈമാറിയത്‌.  സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ജനകീയ സംഘടനകൾ, പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ എന്നിവവഴിയും വിതരണംചെയ്‌തു. കമ്പനി ഔട്ട്‌ലെറ്റിലൂടെ പെതുജനങ്ങൾക്ക്‌ നേരിട്ടും വിതരണംചെയ്‌തു. കൺസ്യൂമർഫെഡ്, സപ്ലൈകോവഴിയും വിതരണംചെയ്‌തു.  പനി, ചുമ, ശ്വാസതടസ്സം, അലർജി തുടങ്ങിയ അസുഖങ്ങൾക്കുള്ള ആവശ്യമരുന്നുകളുടെ നിർമാണവും വർധിപ്പിച്ചതായി സി ബി ചന്ദ്രബാബു പറഞ്ഞു. മാസ്‌ക്‌ നിർമാണത്തിന് സംവിധാനമുണ്ടാക്കിയെങ്കിലും അസംസ്‌ക‌ൃത വസ്‌തുക്കൾ ലഭ്യമല്ല. ഇതിന്‌ ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. Read on deshabhimani.com

Related News