ബിജെപി എതിർപ്പ് അവഗണിച്ച് 
ജനങ്ങൾ റോഡ് നിർമിച്ചു



കാർത്തികപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പണ്ടാരച്ചിറ പ്രദേശത്ത് 25 കുടുംബങ്ങൾ പതിറ്റാണ്ടുകളായി സഞ്ചരിച്ചിരുന്ന 500 മീറ്റർ നീളമുള്ള നടപ്പാത വിപുലീകരിച്ചു. പറമ്പിൽ-–- നെടുമ്പറമ്പിൽ റോഡായി നിർമിക്കാൻ ആറുമാസം മുമ്പ്‌ പ്രദേശവാസികളായ വീട്ടുകാർ കൂടി തീരുമാനിച്ചിരുന്നു.  തുടർ പ്രവർത്തനങ്ങൾക്കായി ബിജെപി രണ്ടാംവാർഡ് അംഗം ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. എന്നാൽ അംഗം രാഷ്‌ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തി റോഡ് നിർമാണത്തിൽനിന്ന് ഒഴിഞ്ഞു. പ്രദേശവാസികൾ വിളിച്ച കമ്മിറ്റിയിൽ പോലും പങ്കെടുത്തില്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച്‌ റോഡ് നിർമാണം എത്രയുംവേഗം നടത്താൻ തീരുമാനിച്ചു. തുടർന്ന് പ്രദേശവാസികളായ 25 വീട്ടുകാർ തങ്ങളുടെ വസ്‌തുവിൽ കൂടി റോഡ് നിർമിക്കുന്നതിനായുളള സമ്മതം ഒപ്പിട്ട് നൽകി. ഓരോരുത്തരും നിശ്ചിതതുക വീതം എടുത്ത്‌ ക്വാറിവേസ്‌റ്റ്‌‌ ഇറക്കുകയും ചെയ്‌തു. റോഡ് നിർമാണം നടന്ന സമയം  ബിജെപിക്കാരനായ വാർഡംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി പണി തടസപ്പെടുത്താൻ ശ്രമിച്ചു. സ്‌ത്രീകൾ ഉൾപ്പെടെയുള്ള 50 ഓളം വരുന്ന നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കി. തുടർന്ന് തൃക്കുന്നപ്പുഴ സിഐ എത്തി പ്രദേശവാസികളുടെ ആവശ്യം ന്യായമായതിനാൽ പ്രശ്നക്കാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി റോഡ് നിർമാണം പുനരാരംഭിച്ചു. റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ മനോഹരൻ, ഹരിജിത്, ബിനീഷ്, തങ്കപ്പൻ, പുരുഷൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News