ബ്രേക്കെടുക്കാതെ ‘ടേക്ക് എ ബ്രേക്ക്‌'

മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിലെ "ടേക്ക് എ ബ്രേക്ക്' കേന്ദ്രം


ആലപ്പുഴ യാത്രികർക്ക്‌ വിശ്രമ സൗകര്യമൊരുക്കി "ടേക്ക് എ ബ്രേക്ക്' പദ്ധതി ജില്ലയിൽ ബ്രേക്കെടുക്കാതെ മുന്നോട്ട്‌. ഈ വർഷം 25 ശുചിമുറി സമുച്ചയങ്ങളാണ്‌ പൂർത്തിയാക്കിയത്‌. കഴിഞ്ഞവർഷം ആദ്യഘട്ടമായി 12 എണ്ണവും രണ്ടാംഘട്ടത്തിൽ ഒമ്പതെണ്ണവും തുറന്നിരുന്നു. ദേശീയ– -സംസ്ഥാന പാതയോരങ്ങളിൽ പൊതുശുചിമുറി സമുച്ചയങ്ങൾ "വഴിയിടം'എന്ന പേരിൽ നിർമിക്കുന്നതാണ്‌ ടേക്ക് എ ബ്രേക്ക് പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലുൾപ്പെടുത്തിയാണ്‌ തുടങ്ങിയത്‌. സുരക്ഷിത ഉപയോഗത്തിനായി തുറക്കുന്ന ഇവയ്‌ക്ക്‌ നല്ല വൃത്തി ഉറപ്പാക്കണമെന്നതായിരുന്നു നിബന്ധന. തദ്ദേശസ്ഥാപനങ്ങൾക്ക് നടപ്പാക്കാവുന്ന പദ്ധതിക്ക് എസ്‌റ്റിമേറ്റ് തുകയുടെ 75 ശതമാനം ശുചിത്വകേരളം മിഷൻ ഫണ്ടോ യൂണിറ്റ് ഒന്നിന് 2,10,000 രൂപ സ്വച്ഛ് ഭാരത് മിഷൻ ഫണ്ടോ ഉപയോഗിക്കാം. വിശ്രമിക്കാൻ സൗകര്യമുള്ളവയും ലഘുഭക്ഷണശാലയുള്ളവയുമടക്കം മൂന്ന്‌ വിഭാഗങ്ങളുണ്ട്‌. നിലവാരമനുസരിച്ച്‌ അടിസ്ഥാനം, സ്‌റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെയാണ്‌ വിഭാഗങ്ങൾ. പ്രീമിയം വിഭാഗത്തിലാണ്‌ കഫ്‌റ്റീരിയയുള്ളത്‌. ഭിന്നശേഷിക്കാർക്കുള്ള ക്രമീകരണവും ഇവയിലുണ്ടാകും. എല്ലാ വിഭാഗത്തിലും വിമാനത്താവളങ്ങളിലെ ടോയ്‌ലറ്റ്‌ നിലവാരം സൂക്ഷിക്കണം. പുരുഷ–- വനിതാ വിഭാഗങ്ങൾക്കായി പ്രത്യേകം ക്ലോസറ്റ്‌ ഉണ്ടാവണം. വാഷ് ബേസിൻ, കണ്ണാടി, എക്‌സോസ്‌റ്റ്‌ ഫാൻ, സാനിറ്ററി നാപ്‌കിൻ നശിപ്പിക്കാനുള്ള സൗകര്യം എന്നിവയും വേണം. പാതയോരങ്ങൾ, തദ്ദേശസ്ഥാപന ഓഫീസ് പരിസരം, വാണിജ്യകേന്ദ്രങ്ങൾ, ബസ് സ്‌റ്റാൻഡ്‌ തുടങ്ങി ആളുകൾ കൂടുതലെത്തുന്ന കേന്ദ്രങ്ങളിലാണ്‌ തുറന്നത്‌.  ജില്ലയിൽ 111 കേന്ദ്രങ്ങളിലാണ്‌ പദ്ധതിയെന്നും ഇതിൽ 46 എണ്ണം പൂർത്തിയായെന്നും ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ്‌ സി ആർ സന്ധ്യ പറഞ്ഞു. 20 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ബാക്കിയുള്ളവയുടെ ടെൻഡറായി. ജില്ലയിൽ നിർമിച്ചവയിൽ 15 എണ്ണം ഉന്നതനിലവാരത്തിലുള്ളതാണ്‌. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ കേന്ദ്രീകരിച്ച്‌ ഒരെണ്ണം എടത്വയിൽ പൂർത്തിയായി. ചെങ്ങന്നൂരിലുണ്ടായിരുന്ന പദ്ധതിക്ക്‌ പകരം സ്വകാര്യബസ്‌ സ്‌റ്റാൻഡിൽ ആരംഭിക്കും. പൂർത്തിയായത്‌ ഇവ നഗരസഭകൾ – -ചേർത്തല നാല്‌, ചെങ്ങന്നൂർ രണ്ട്‌, കായംകുളം, ആലപ്പുഴ ഒന്നുവീതം. പഞ്ചായത്തുകൾ –- മുഹമ്മ നാല്‌, ചിങ്ങോലി മൂന്ന്‌, തൈക്കാട്ടുശേരി, കാവാലം, ചെട്ടികുളങ്ങര, പത്തിയൂർ, കടക്കരപ്പള്ളി രണ്ടുവീതം, മണ്ണഞ്ചേരി, അമ്പലപ്പുഴ വടക്ക്‌, അമ്പലപ്പുഴ തെക്ക്‌, ചേന്നംപള്ളിപ്പുറം, പാണാവള്ളി, കോടന്തുരുത്ത്‌, അരൂർ, മാരാരിക്കുളം തെക്ക്‌, മാരാരിക്കുളം വടക്ക്‌, തകഴി, ബുധനൂർ, വീയപുരം, കണ്ടല്ലൂർ, എടത്വ, പാണ്ടനാട്‌, വെൺമണി, തഴക്കര, മാവേലിക്കര തെക്കേക്കര, തൃക്കുന്നപ്പുഴ, പുളിങ്കുന്ന്‌, ചേർത്തല തെക്ക്‌–- ഒന്നുവീതം. Read on deshabhimani.com

Related News