കയറുൽപ്പന്ന മേഖല സ്‌തംഭനത്തിലേക്ക്



കഞ്ഞിക്കുഴി ചെറുകിട കയർഫാക്‌ടറി ഉടമ സംയുക്ത സമരസമിതി നേതൃത്വത്തിലുള്ള സമരം നാലാംദിവസത്തിലേക്ക്. ചെറുകിട കയർ ഫാക്‌ടറി മേഖലയിൽ നിലനിൽക്കുന്ന ഓർഡർ ക്ഷാമത്തിനും ഡിപ്പോ സമ്പ്രദായത്തിനുമെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ മുഴുവൻ സംഘം പ്രസിഡന്റുമാരുടെയും ചെറുകിട ഉടമകളുടെയും യോഗം കഞ്ഞിക്കുഴിയിൽ ചേർന്നു. തുടർ സമരരീതികളെ സംബന്ധിച്ച് ചർച്ച ചെയ്‌തു. ഉൽപ്പന്നങ്ങൾ തടയുന്നത് അടക്കമുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു. ജൂൺ രണ്ടിന്‌ എക്‌സ്‌പോർട്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുടെ ആലപ്പുഴയിലുള്ള എൻസി ജോൺ കമ്പനിയ്‌ക്ക്‌ മുന്നിൽ നിന്ന്‌ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കും.  ഡി സനൽ കുമാർ അധ്യക്ഷനായി. അഡ്വ.കെ ആർ ഭഗീരഥൻ, എം അനിൽകുമാർ, പി എൻ സുധീർ, എം ജി സാബു, സതീശൻ, ജമീല പുരുഷോത്തമൻ, ചിദംബരൻ, കെ പി ആഘോഷ് കുമാർ, സതീശൻ, രമേശൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News