60 ശതമാനം പിന്നിട്ട്‌ നവീകരണം

എ സി റോഡിലെ നെടുമുടി ഭാഗത്തെ നിര്‍മാണം പുരോഗമിക്കുന്നു


ആലപ്പുഴ എസി റോഡ്‌ നവീകരണം 60 ശതമാനം പൂർത്തിയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ മുൻകൈ എടുത്താണ് 2020 ഡിസംബറിൽ നിർമാണങ്ങൾ ആരംഭിച്ചത്. 2023 നവംബറോടെ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാരിന്റെ മുൻഗണന പദ്ധതികളിൽ ഒന്നായി എസി റോഡ്‌ നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. 649.76 കോടി രൂപ ചെലവിൽ പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് റോഡ് പുനർനിർമിക്കുന്നത്.  അഞ്ച് മേൽപ്പാലങ്ങൾ, നാല് വലിയ പാലങ്ങൾ, 14 ചെറുപാലങ്ങൾ, മൂന്ന് കോസ്‌വേകൾ, നടപ്പാതകൾ എന്നിവ ഉൾപ്പടെ സെമി എലിവേറ്റഡ് ഹൈവേയായാണ് നവീകരണം. മേൽപ്പാലങ്ങളിൽ നസ്രത്ത്‌, ജ്യോതി ജങ്‌ഷൻ എന്നിവിടങ്ങളിൽ 95 ശതമാനം നിർമാണം പൂർത്തിയായി. മങ്കൊമ്പിൽ 81 ശതമാനവും ഒന്നാംകരയിൽ 72 ശതമാനവും പണ്ടാരക്കാളത്ത് 56 ശതമാനവും പൂർത്തിയായി. ആകെ നിർമിക്കുന്ന 14 ചെറിയ പാലങ്ങളിൽ ഒമ്പതെണ്ണവും 65 കൾവെർട്ടുകളിൽ 57 എണ്ണവും നിർമിച്ചു.  കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, മുട്ടാർ എന്നിവിടങ്ങളിൽ വലിയ പാലങ്ങളും നിർമിക്കുന്നുണ്ട്. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിർമാണം 95 ശതമാനം പൂർത്തിയായിട്ടുണ്ട്. പള്ളാത്തുരുത്തിയിൽ പാലം നിർമിക്കുന്നതിനുള്ള സിഒഎസ് സമർപ്പിച്ചു. മുട്ടാർ പാലം നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. മൂന്ന് ലെയറുകളിലായാണ് ടാറിങ് നടത്തുന്നത്.  നിലവിൽ 8.5 കിലോമീറ്റർ ഭാഗത്ത് ആദ്യലെയർ ടാറിങ് നടത്തി. 12 കിലോമീറ്ററോളം ദൂരത്ത് മെറ്റലിങ്ങും പൂർത്തിയാക്കി. 13 കിലോമീറ്റർ ദൂരത്തിൽ ഇരുവശങ്ങളിലെ ഓടകളുടെയും ഡക്‌ടുകളുടെയും നിർമാണവും ഇതിന് മുകളിലൂടെ 1.5 മീറ്റർ വീതിയുള്ള നടപ്പാതയുടെ നിർമാണവും പൂർത്തിയായി. കെഎസ്ടിപിക്ക് നിർമാണച്ചുമതലയുള്ള റോഡിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.   Read on deshabhimani.com

Related News