അതിര്‍ത്തി തിരിക്കാൻ 
സർവേ തുടങ്ങുന്നു



മാവേലിക്കര കല്ലുമല റെയിൽവേ മേൽപ്പാല നിർമാണത്തിന് അതിർത്തിതിരിക്കൽ സർവേയ്‌ക്ക്‌ തുടക്കമാകുന്നതായി എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. മാവേലിക്കര സ്‌റ്റേഷന് വടക്ക്‌ എൽസി നമ്പർ 28ലാണ് മേൽപ്പാലം വരുന്നത്. സർവേയ്‌ക്ക്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച്‌ ഭൂമിയുടെ അവകാശക്കാർ തടസങ്ങൾ 15 ദിവസത്തിനുള്ളിൽ നീക്കണം. ഇതിൽ വീഴ്‌ചവരുത്തുന്നവരിൽനിന്ന്‌ തടസങ്ങൾ നീക്കുന്നതിനുള്ള ചെലവ് ഈടാക്കും.   ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യൽ തഹസിൽദാരെ സെപ്‌തംബർ 15നാണ് നിയമിച്ചത്. ആർബിഡിസികെ (റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് കേരള) അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. സാമൂഹികാഘാതപഠനത്തിന് ഏജൻസിയെ ചുമതലപ്പെടുത്തൽ, സ്ഥലം ഏറ്റെടുക്കുന്നതിന്‌ വിജ്ഞാപനം, ഭൂമി ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കൽ, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കൽ എന്നീ പ്രവർത്തനങ്ങളും നടക്കും. റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളംമുതൽ ഗേറ്റിന് കിഴക്ക് ബിഷപ് മൂർ കോളേജ് ഹോസ്‌റ്റലിന് മുന്നിൽവരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലം. 1.50 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയുമുണ്ട്‌. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാകും പാലത്തിന്റെ ഉയരം. 125 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടിവരും.  പദ്ധതി 2018–--19 ലെ ബജറ്റിലാണ് ഉൾപ്പെടുത്തിയത്.  നിർമാണത്തിന് 38.22 കോടി രൂപ അനുവദിച്ചു. ആർബിഡിസികെ തയാറാക്കിയ പ്രോജക്‌ടിനാണ് കിഫ്ബി അന്തിമാനുമതി നൽകിയത്. മുഴുവൻ പണവും സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന്‌ മുടക്കും. റെയിൽവേ അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾ എം എസ് അരുൺകുമാർ എംഎൽഎ, വിഷയം റെയിൽവേ ചുമതല വഹിക്കുന്ന മന്ത്രി അബ്‌ദുറഹ്‌മാന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. Read on deshabhimani.com

Related News