അഭയത്തിന്റെ ചികിത്സാസഹായം കെെമാറി

അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റി നടത്തിയ ചികിത്സാസഹായ 
വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റിയുടെ ചികിത്സാ സഹായ –അംഗത്വ വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. പാലിയേറ്റീവ് പ്രവർത്തനം സമകാലീന സാമൂഹ്യസാഹചര്യത്തിൽ അനിവാര്യതയാണെന്നും സേവനങ്ങൾ എത്തിക്കുന്നതിൽ രാഷ്ട്രീയമോ മതമോ ഒന്നും ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.  പാലിയേറ്റീവ് പ്രവർത്തനം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിലെ പ്രധാന ലക്ഷ്യമായതിനാലാണ് സിപിഐ എം നേതൃത്വത്തിൽ കേരളത്തിലാകെ പാലിയേറ്റീവ് കെയർ സൊസൈറ്റികളുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.  യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. അഭയം സൊസൈറ്റി ചെയർമാൻ  ജി ഹരിശങ്കർ അംഗത്വ വിതരണം നടത്തി.  സൊസൈറ്റിക്ക് വേണ്ടി സൗജന്യസേവനം വാഗ്ദാനം ചെയ്‌ത ഡോ. അനഘ അജൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ സെക്രട്ടറി ജി അജിത്ത് കാലശേഷം  തന്റെ വീടും സ്ഥലവും സൊസെെറ്റിക്ക് നൽകുമെന്ന് ചടങ്ങിൽ അറിയിച്ചു. വൃക്കരോഗിയായ കൊയ്‌പ്പള്ളി കാരാൺമ അമ്പോലിൽ വീട്ടിൽ അനിലിന്റെ (46) ചികിത്സയ്‌ക്കായി അഭയം ശേഖരിച്ച 4,79,500 രൂപയിൽ ആശുപത്രി ചെലവുകൾ കഴിച്ചുള്ള 3,26,000 രൂപ ഭാര്യ ജയശ്രീ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.  അഭയം ട്രഷറർ കെ മധുസൂദനൻ, സെക്രട്ടറി പി പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരകുറുപ്പ്, അഭയം കോ–--ഓർഡിനേറ്റർ ലിജോ വർഗീസ്, പഞ്ചായത്തംഗം സുമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജി അജിത്ത് സ്വാഗതം പറഞ്ഞു. കുട്ടികളുടെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. Read on deshabhimani.com

Related News