വറുതിയിലും വയറുനിറച്ചുണ്ണാം

ആലപ്പുഴ കയർ മെഷിനറി ഫാക്‍ടറിക്ക് സമീപത്തെ ജനകീയ ഭക്ഷണശാലയിൽ നിന്ന് ഫോട്ടോ: എ ആർ അരുൺരാജ്


ആലപ്പുഴ പാചക വാതകത്തിനുൾപ്പെടെ കേന്ദ്രസർക്കാർ അനുദിനം വിലകൂട്ടുമ്പോഴും 20 രൂപയ്‌ക്ക്‌ വയറുംമനവും നിറയ്‌ക്കുകയാണ്‌ സുഭിക്ഷ, ജനകീയ ഹോട്ടലുകൾ. ആവിപറക്കുന്ന ചോറ്‌, സാമ്പാർ, മോര്, അച്ചാർ, തൊടുകറി, കൂട്ടുകറി... പ്രതിസന്ധിയിലും രുചിയും ഗുണവും കുറയ്‌ക്കാൻ ഇവർ തയാറല്ല.   പാചകവാതക, ഇന്ധനവില കുത്തനെ ഉയർന്നതോടെ വിലക്കയറ്റത്തിന്റെ പിടിയിലാണ്‌ നാട്‌. സ്വകാര്യ ഹോട്ടലുകളിൽ ആഹാരത്തിന്‌ വില കൂടിത്തുടങ്ങി. കുറഞ്ഞ വിലയ്‌ക്ക്‌ ഭക്ഷണം നൽകുന്ന സുഭിക്ഷയും കുടുംബശ്രീ ജനകീയ ഹോട്ടലും ആയിരങ്ങൾക്ക്‌ ആശ്വാസമാകുകയാണ്‌. ഭക്ഷണം കഴിച്ചുമടങ്ങുമ്പോൾ അധികപൈസ നൽകുന്നവരുണ്ട്. അങ്ങനെ ലഭിക്കുന്ന തുക 20 രൂപയുടെ കൂപ്പണാക്കി മാറ്റും. വിശന്നെത്തുന്ന പാവങ്ങൾക്ക്‌ ഈ കൂപ്പൺവഴി സൗജന്യമായി ഊണുനൽകും. ശരാശരി 350–--400 ഊണാണ് സുഭിക്ഷയിൽ ദിവസവും വിൽക്കുന്നത്. ഒരു ഊണിന് അഞ്ചു രൂപ സർക്കാർ സബ്സിഡിയുണ്ട്. സിവിൽ സപ്ലൈസ് വഴി ആവശ്യമായ സഹായങ്ങളും സർക്കാർ ഒരുക്കുന്നു. കുടുംബശ്രീ മിഷനും ഈ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നു. ജില്ലയിലാകെ കുടുംബശ്രീയുടെ 88 ജനകീയ ഹോട്ടലുണ്ട്‌. 25 രൂപ നൽകിയാൽ പാഴ്‌സൽ ലഭിക്കും.  ബിഫ്, ചിക്കൻ, മീൻകറി, മീൻവറുത്തത്, കക്കാ ഇറച്ചി തുടങ്ങി പ്രത്യേകം വിഭവങ്ങളും ലഭിക്കും. ആലപ്പുഴ നഗരത്തിൽ സിഡിഎസ് ഓഫീസിന് താഴത്തെനില, കയർ മെഷിനറി ഫാക്‌ടറിക്ക്‌ സമീപം,  ഇ എം എസ് സ്‌റ്റേഡിയം, പഴവീട്‌, ഇരവുകാട് ബൈപാസിന് സമീപം എന്നിവിടങ്ങളിലെ ജനകീയ ഹോട്ടലുകളിലെല്ലാം പ്രതിദിനം തിരക്കേറുകയാണ്‌.  വറുതിയുടെ കാലത്ത്‌ പാവങ്ങളുടെ പട്ടിണിയകറ്റുന്ന സുഭിക്ഷയും ജനകീയഹോട്ടലും കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്‌. Read on deshabhimani.com

Related News