പുതിയ അടിപ്പാതകൾക്ക് ശുപാർശ സമർപ്പിക്കും



ആലപ്പുഴ  ദേശീയപാത 66 വികസനത്തിന്‌ കൂടുതൽ അടിപ്പാതകൾ നിർമിക്കാൻ ശുപാർശ സമർപ്പിക്കാൻ ധാരണ. എ എം ആരിഫ് എംപി ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിലാണ്‌ ധാരണയായത്‌.  പൊതുജനങ്ങൾക്ക് സൗകര്യപ്രദമായവിധം കൂടുതൽ സ്ഥലങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ എംപിക്ക്‌ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി.    ദേശീയപാത അതോററ്റിയുടെ തിരുവനന്തപുരം പദ്ധതി നിർവഹണ യൂണിറ്റ് തലവൻ പി പ്രദീപ്, പ്രോജക്ട് എൻജിനിയറിങ്‌ ടീം, കരാറുകാരുടെ പ്രതിനിധികൾ എന്നിവരോടൊപ്പം എസ് എൻ കവല, പുന്നപ്ര, തുമ്പോളി എന്നിവിടങ്ങൾ ആരിഫ് എംപി സന്ദർശിച്ച്‌ അടിപ്പാതകളുടെ ആവശ്യകത ബോധ്യപ്പെടുത്തി. പ്രധാനപ്പെട്ട കവലകളായിട്ടും അടിപ്പാത നിർമിക്കാൻ ഇപ്പോഴത്തെ രൂപരേഖയിൽ നിർദേശമില്ലാത്ത എസ് എൻ കവല, പുന്നപ്ര കളിത്തട്ട്, പറവൂർ, തുമ്പോളി, പാതിരപ്പള്ളി, തിരുവിഴ, തങ്കി എന്നിവിടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നതിന്‌ ശുപാർശ നൽകാൻ ദേശീയപാത തിരുവനന്തപുരം റീജണൽ പ്രോജകട് ഓഫീസിനെ ചുമതപ്പെടുത്തി. ഇതുകൂടാതെ കണിച്ചുകുളരങ്ങര കവലയിൽ ഇപ്പോൾ നിർദേശിച്ച അടിപ്പാതയ്‌ക്ക്‌ പകരം മേൽപ്പാത പണിയാനും ശുപാർശ നൽകിയിട്ടുണ്ടെന്ന് ആരിഫ് എംപി അറിയിച്ചു.   Read on deshabhimani.com

Related News