വനിതാ കൂട്ടായ്‌മയുടെ മികവിൽ സമ്മേളനം



ലെനി ജോസഫ്‌ ആലപ്പുഴ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ച്‌ ചേർന്ന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുമ്പോൾ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സംഘാടന മികവിനെ പ്രശംസിച്ചു.  വനിതാനേതൃനിരയുടെ കരുത്തും സംഘടനയുടെ കെട്ടുറപ്പും വിളിച്ചോതുന്നതായി സമ്മേളനം മാറി. പരാതിക്കിടയില്ലാതെ സമ്മേളനം സംഘടിപ്പിച്ചതിൽ സ്വാഗതസംഘത്തിനും അഭിമാനിക്കാം. സ്‌ത്രീകളുടെ വലിയ കൂട്ടായ്‌മയിൽ മുന്നേറിയ ഈ സമ്മേളനം സംഘാടനത്തിനൊപ്പം ഉള്ളടക്കത്തിലും മികവുറ്റതായി. ആറളം ആദിവാസി കോളനിയിലെ ടി സി ലക്ഷ്‌മി ആദിവാസികളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചതോടെ സമ്മേളനത്തിൽ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളുടെ ശബ്‌ദം ഉയർന്നു. പരാതിരഹിതമായിരുന്നു പ്രതിനിധികൾക്കുള്ള താമസവും ഭക്ഷണവും.  ജില്ലാതല സ്വാഗതസംഘത്തിന്റെ പ്രധാന ഭാരവാഹികളെല്ലാം സ്‌ത്രീകളായിരുന്നു. വീടുകൾ തോറും കയറിയിറങ്ങി 100 രൂപയുടെ കൂപ്പൺ നൽകിയാണ്‌ സമ്മേളന നടത്തിപ്പിനുള്ള ഫണ്ട്‌ സമാഹരിച്ചത്‌.  ഇതോടൊപ്പം ചെറുകുറിപ്പും വീടുകളിൽ വിതരണം ചെയ്‌തു. സമ്മേളന പ്രചാരണത്തിലും മുൻപന്തിയിൽ നിന്നു. സ്‌ത്രീകൾ ചുവരെഴുതി; പോസ്‌റ്റർ ഒട്ടിച്ചു. സമൂഹ മാധ്യമങ്ങളിലും പ്രചാരണം  മികച്ചുനിന്നു. വിളംബര ജാഥ, വിവിധ കലാപരിപാടികൾ, വനിതകളുടെ വള്ളംകളി, വടംവലി, ലഹരിക്കെതിരെ ക്യാമ്പയിൻ എന്നിവയും നടത്തി. വിദഗ്‌ധരെ പങ്കെടുപ്പിച്ച്‌ 12 സെമിനാറുകൾ നടത്തി.   പുതിയ വെല്ലുവിളികളും കർത്തവ്യങ്ങളും ഏറ്റെടുക്കാനുള്ള പുത്തൻ ഊർജവും കൈവരിച്ചാണ്‌ ഓരോ  പ്രതിനിധിയും ആലപ്പുഴയിൽനിന്ന്‌ പിരിഞ്ഞത്‌. Read on deshabhimani.com

Related News