ഡബിൾ ബെല്ലടിക്കാൻ 
കെഎസ്‌ആർടിസി



    ആലപ്പുഴ ആലപ്പുഴയിലെ പൈതൃക കാഴ്‌ചകൾ ആസ്വദിക്കാനും  പഠിക്കാനും വിദ്യാർഥികൾക്ക്‌ അവസരമൊരുക്കി കെഎസ്‌ആർടിസി. ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്‌ ഹെറിറ്റേജ്‌ ടൂറിസം പാക്കേജ്‌ ഒരുക്കുന്നത്‌. ജില്ലയിലെ പ്രധാന പൈതൃകകേന്ദ്രങ്ങളും വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ടൂറിസംകേന്ദ്രങ്ങളുമാണ്‌ പാക്കേജിൽ. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, എടത്വ, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്നാണ്‌ യാത്ര. ചിലയിടങ്ങളിൽ ബുക്കിങ്‌ തുടങ്ങി.  തിങ്കൾ ഒഴികെ ദിനങ്ങളിലാണ്‌ പ്രത്യേക പഠനയാത്ര. രണ്ട്‌ പാക്കേജുണ്ട്‌. എട്ടും 12 ഉം മണിക്കൂർ വീതം. എട്ടുമണിക്കൂർ യാത്രയ്‌ക്ക്‌ ഒരാൾക്ക്‌  300 രൂപയും 12 മണിക്കൂറിന്‌ 360 രൂപയുമാണ്‌. ബുക്കിങ്‌ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ തീയതി നിശ്ചയിക്കും.   മഹാകവി കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച പല്ലനയാറിന് തീരത്തെ കുമാരകോടി, തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലത്തെ തകഴി സ്‌മാരകവും മ്യൂസിയവും, വലിയഴീക്കൽ ബീച്ച്, ഏഷ്യയിലെ ഏറ്റവും നീളമേറിയ ടെൻഷൻ സ്‌റ്റീൽ ബാർ കോൺക്രീറ്റ് ബോസ്‌ട്രിങ് പാലമായ വലിയഴീക്കൽ പാലം, കൃഷ്‌ണപുരം കൊട്ടാരവും അമൂല്യ പുരാവസ്‌തുശേഖരങ്ങളുടെ മ്യൂസിയവും,  കായംകുളത്തെ കാർട്ടൂണിസ്‌റ്റ്‌ ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം, കരുമാടിക്കുട്ടൻ എന്നിവയും ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസുമാണ്‌ യാത്രയിലെ കാഴ്‌ചകൾ. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9846475874. വിദ്യാർഥി യാത്രയുടെ മാതൃകയിൽ പൊതുജനങ്ങൾക്കും അവധി ദിനങ്ങളിലോ, രണ്ടാം ശനി, ഞായർ ദിനങ്ങളിലോ ഹെറിറ്റേജ്‌ ടൂറിസം പാക്കേജ്‌ ആരംഭിക്കുമെന്ന്‌ ബജറ്റ് ടൂറിസം സെൽ ജില്ലാ കോ–-ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു.   Read on deshabhimani.com

Related News