ഇരട്ടിയിലധികം യാത്രക്കാരെ കയറ്റിയ ബോട്ട് പിടിച്ചെടുത്തു

പിടിച്ചെടുത്ത ബോട്ട് തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ ആര്യാട്​ യാർഡിലേക്ക് കൊണ്ടുവന്നപ്പോൾ


  ആലപ്പുഴ  അനുവദനീയമായതിന്റെ ഇരട്ടിയാളുകളെ കുത്തിനിറച്ച്​ യാത്രനടത്തിയ മോട്ടോർ ബോട്ട്​ പൊലീസ്​ സഹായത്തോടെ തുറമുഖവകുപ്പ് അധികൃതർ പിടിച്ചെടുത്തു. യാർഡിലേക്ക്​ മാറ്റിയ ബോട്ടിന്​ ​10,000 രൂപ പിഴയിട്ടു. സ്രാങ്കിന്റെയും ലാസ്‌കറിന്റെയും ലൈസൻസ്​ സസ്​പെൻഡ്​ ചെയ്‌തു. 30 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയും അനുമതിയുമുള്ള ബോട്ടിൽ കുട്ടികളടക്കം 62 സഞ്ചാരികളുണ്ടായിരുന്നു. വ്യാഴം പകൽ 12.45ന് രാജീവ് ജെട്ടിക്ക് സമീപമാണ്‌ ബോട്ട് പിടിച്ചെടുത്തത്‌. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളുമായി കായൽയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ‘എബനേസർ’ എന്ന ബോട്ട്‌.   താനൂർ ബോട്ട്​ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുന്നമടയിൽ ബോട്ട് സർവേ നടത്തിയ തുറമുഖവകുപ്പ് ഉദ്യോഗസ്ഥരാണ് ആളുകളെ കുത്തിനിറച്ച്​ യാത്രനടത്തിയ ബോട്ട്​ കണ്ടെത്തിയത്. താഴത്തെ നിലയിൽ 20 പേർക്കും മുകൾഭാഗത്ത്​ 10 പേർക്കും മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. നിയമലംഘനം നടത്തിയ ബോട്ടിൽനിന്ന്​ സഞ്ചാരികളെ ഇറക്കി യാർഡിലേക്ക്​ മാറ്റണമെന്ന്​ തുറമുഖവകുപ്പ്  ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇത്​ ബോട്ട്​ ജീവനക്കാർ അംഗീകരിക്കാതിരുന്നതോടെ വാ​ക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീട്​ ടൂറിസം​ പൊലീസിനെ വിളിച്ചുവരുത്തി ബോട്ട്​ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ടൂറിസം എസ്​ഐ പി ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ട് ജീവനക്കാരുമായി സംസാരിച്ചാണ്​ സംഘർഷമൊഴിവാക്കിയത്.   തുറമുഖവകുപ്പ്‌ ഉദ്യോഗസ്ഥരായ മരിയപോൾ, ഷാബു, അനിൽകുമാർ, ടൂറിസം പൊലീസുകാരായ അബീഷ് ഇബ്രാഹിം, സുധീർ, ശ്രീജ, ജോഷിത്തു എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.   Read on deshabhimani.com

Related News