പുതിയയിനം കൽത്താമര; നിറം പച്ച



ആലപ്പുഴ പശ്ചിമഘട്ടത്തിൽനിന്നും കൽത്താമര വിഭാഗത്തിലുള്ള പുതിയയിനം സസ്യത്തെ കണ്ടെത്തി. ഇടുക്കി പെരിയാർ വന്യജീവി സങ്കേതത്തിലെ ഉയരംകൂടിയ മലകളിൽ പാറകളുടെ വിടവുകളിലാണ് ഇവ വളരുന്നത്. ഹെങ്കെലിയ വിറിഡിഫ്ലോറ എന്നാണ് പുതിയ സസ്യത്തിന്റെ ശാസ്‌ത്രനാമം.  ഈർപ്പം വലിച്ചെടുത്തു പാറകളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവ മഴക്കാലം അവസാനിക്കുന്നതോടെ നശിക്കുകയും വീണ്ടും ജലാംശം ലഭിക്കുമ്പോൾ വിത്തുകൾ മുളച്ചുതുടങ്ങുകയും ചെയ്യും.   പശ്ചിമഘട്ടത്തിൽ പതിനഞ്ചിനം കൽത്താമരകൾ കണ്ടെത്തി. നീലവർണത്തിൽ പൂക്കളുണ്ടാകുന്ന അവയിൽനിന്നെല്ലാം വ്യത്യസ്‌തമായി പച്ച നിറത്തിലുള്ള പൂക്കൾ, വലിപ്പം കുറഞ്ഞ പുരുഷ കേസരങ്ങൾ, ഉരുണ്ട കായകൾ എന്നിവ പുതിയ ഇനത്തിന്റെ പ്രത്യേകതയാണ്. കൽത്താമര ഇനം സസ്യങ്ങൾ കിഡ്നി സ്‌റ്റോണുകളെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഇവയിലെ രാസസംയുക്തങ്ങളെ കുറിച്ചു പഠിക്കേണ്ടതുണ്ടെന്ന് ഗവേഷണസംഘാംഗം ആലപ്പുഴ എസ്‌ഡി കോളേജ്‌ സസ്യശാസ്‌ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു പറഞ്ഞു. വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ടെക്‌നിക്കൽ ഓഫീസർ സലിം പിച്ചൻ, കേരള സർവകലാശാല സസ്യശാസ്‌ത്രവിഭാഗം പ്രൊഫസർ ഡോ. പി എം രാധാമണി, ചെമ്പഴന്തി കോളേജിലെ ഡോ. എസ് എസ് ഉഷ, തിരുവനന്തപുരം എംജി കോളേജിലെ സുസ്‌മിത രാജു എന്നിവരും ഗവേഷണസംഘത്തിലുണ്ടായി. Read on deshabhimani.com

Related News