വള്ളികുന്നംചിറ ടൂറിസം പദ്ധതി ഉടന്‍: എംഎല്‍എ

വളളികുന്നം ചിറ


മാവേലിക്കര രണ്ടുകോടി ചെലവിൽ സംസ്ഥാന ടൂറിസം വകുപ്പ് വള്ളികുന്നം ചിറയിൽ നടപ്പാക്കുന്ന പദ്ധതി ഉടൻ പ്രാവർത്തികമാകുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. ചിറയ്‌ക്ക്‌ ചുറ്റും നടപ്പാതയും ചിറയോട് ചേർന്ന് കോഫിഷോപ്പും പാർക്കും ഇരിക്കാനുള്ള സൗകര്യങ്ങളും പെഡസ്‌റ്റൽ ബോട്ടിങ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്‌. വിശദമായ പ്രൊജക്‌ട്‌ റിപ്പോർട്ട് അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്താണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയത്. ഓച്ചിറ താമരക്കുളം റോഡിൽ പുത്തൻചന്തയിൽനിന്ന് കിഴക്കോട്ട് അരകിലോമീറ്റർ സഞ്ചരിച്ചാൽ ചിറയിലെത്താം. വള്ളികുന്നം പഞ്ചായത്തിലെ നാലും ഏഴും വാർഡുകളിലായി 18 ഏക്കറിലാണ് ചിറ. പ്രകൃതിരമണീയമായ ചിറയുടെ രണ്ടുവശങ്ങളിൽ വിശാലമായ പുഞ്ചയാണ്.  വയ്യാങ്കര ചിറയുടെ പതിൻമടങ്ങ് ആഭ്യന്തര ടൂറിസം സാധ്യതയുള്ള ചിറയുടെ കരയിൽ ഓഡിറ്റോറിയത്തിനും സൗകര്യമുണ്ട്. ചിറയോട് ചേർന്ന് ചാലുകളുമുണ്ട്. കൃഷിക്കും ഉൾനാടൻ മത്സ്യബന്ധനത്തിനും പേരുകേട്ട ഇടമാണ്. ദേശാടനപക്ഷികളുടെ ഇഷ്‌ടസ്ഥലം കൂടിയാണിവിടം. 2012ൽ നബാർഡ് വഴി 1.5 കോടി മുടക്കി ചിറ നവീകരിച്ചിരുന്നു.  ടൂറിസം വകുപ്പിന്റെ പദ്ധതി കൂടി നടപ്പാകുന്നതോടെ വള്ളികുന്നം ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും. പദ്ധതി വേഗത്തിൽ നടപ്പാക്കാൻ എംഎൽഎയുടെ നിർദേശപ്രകാരം കലക്‌ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. എംഎൽഎ, കലക്‌ടർ വി ആർ കൃഷ്‌ണതേജ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണൻ, പി കോമളൻ, ലിജോ, പ്രദീപ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News