25 ശതമാനം പേരിൽ 
ജീവിതശൈലീരോഗ സാധ്യത



ആലപ്പുഴ  ഏകാരോഗ്യം പദ്ധതിയിൽ ജില്ലയിൽ 30 വയസിന്‌ മുകളിലുള്ളവരിൽ നടത്തിയ ജീവിതശൈലീ രോഗ പരിശോധന 65 ശതമാനം പൂർത്തിയായി. 25 ശതമാനത്തിന്‌ മുകളിൽ ആളുകൾക്ക്‌ രോഗസാധ്യത (റിസ്‌ക്‌ ഫാക്‌ടർ) കണ്ടെത്തി. ഇവർക്ക്‌ തുടർചികിത്സാ നിർദേശവും നൽകി. തദ്ദേശസ്ഥാപനങ്ങളുടെയും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ ജീവിതശൈലീ രോഗപരിശോധന  പുരോഗമിക്കുന്നു.  ജന്തുജന്യരോഗങ്ങളും വൈറസ്‌ ബാധകളും വലിയതോതിൽ മനുഷ്യരാശിക്ക്‌ ഭീഷണിയാകുന്ന സാഹചര്യത്തിലാണ്‌ പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായി ഏകാരോഗ്യപദ്ധതി നടപ്പാക്കുന്നത്‌. രക്താതിസമ്മർദം, പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സയും മറ്റ്‌ സേവനങ്ങളും ലഭ്യമാക്കുന്നതും ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതുമാണ് പദ്ധതി. ലക്ഷണാവസ്ഥയിൽത്തന്നെ ചികിത്സ ഉറപ്പാക്കുകയാണ്‌ സർക്കാർ. എവിടെയെങ്കിലും പക്ഷികളോ മൃഗങ്ങളോ അസ്വഭാവികമായി ചത്താൽ അത്‌ ശ്രദ്ധയിൽപ്പെടുന്ന സമയത്തുതന്നെ ചിത്രങ്ങൾ ഏകാരോഗ്യം സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുംവിധമാണ്‌ പദ്ധതി പുരോഗമിക്കുന്നത്‌. സംസ്ഥാനതല കമ്മിറ്റി ഇത്‌ പരിശോധിച്ച്‌ വേണ്ട പ്രതിരോധ നടപടി  നിർദേശിക്കും.  ഇതിനായി ഒരുവാർഡിൽ 50 പാർട്ട്‌ ടൈം വളണ്ടിയർമാരെ നിയോഗിച്ച്‌ പരിശീലനം നൽകും. ആർദ്രം മിഷൻ ജില്ലാ പ്രാേഗ്രാം നേതൃത്വത്തിലുള ജില്ലാ ഹബ്ബുകളിലൂടെയാണ്‌ വാർഡ്‌ തലത്തിലേക്ക്‌ പദ്ധതി എത്തിക്കുന്നത്‌. ഏപ്രിൽ പകുതിയോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഹബ്ബുകളാകും. ഇവിടെ പത്തോളം ജീവനക്കാരെ നിയമിക്കും. പരിശീലനം ലഭിച്ച വളണ്ടിയർമാർ, വാർഡർ മെന്റർ, ജില്ലാ മെന്റർ എന്നിങ്ങനെയാണ്‌ ജില്ലാ ഹബ്ബിന്റെ ഘടന. ജില്ലാ മെന്റർമാരായി 12 പേരെ നിയമിച്ചു.  ജില്ലയിൽ 72ൽ 70 പഞ്ചായത്തിനും ഏകാരോഗ്യപദ്ധതിയുടെ ഭാഗമായി ആർദ്രം മിഷൻ ഫണ്ട്‌ കൈമാറി. ജില്ലയിൽ 1169 പഞ്ചായത്ത്‌ വാർഡുകളാണുള്ളത്‌. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗപ്രതിരോധ ബോധവൽക്കരണവും പ്രചാരണങ്ങളും നടത്തും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷനായും മെഡിക്കൽ ഓഫീസർ സെക്രട്ടറിയായും എകാരോഗ്യ കമ്മിറ്റികൾ രൂപീകരിക്കും. Read on deshabhimani.com

Related News