ഹൃദ്‌രോഗിയെ പൊലീസുകാരന്‍ ആക്രമിച്ചു



മാവേലിക്കര ഹൃദ്‌രോഗിക്കുനേരേ പൊലീസുകാരന്റെ അതിക്രമം. മാവേലിക്കര സ്‌റ്റേഷനിലെ പൊലീസുകാരൻ പ്രതാപചന്ദ്രമേനോനെതിരെ പോനകം പുളിമൂട്ടിൽ വീട്ടിൽ പ്രസേന (58) നാണ് പരാതി നൽകിയത്. ജനുവരി 12നാണ് സംഭവം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുള്ള പരാതി അന്വേഷിക്കാൻ മറ്റ്‌ രണ്ട്‌ പൊലീസുകാർക്കൊപ്പമാണ് പ്രതാപൻ പ്രസേനന്റെ വീട്ടിലെത്തിയത്. കല്ലിടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ ഇയാൾ പ്രസേനന്റെ കൈയിൽ ബൂട്ടിട്ട്‌ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ഭാഗം ഞരമ്പ് ചതഞ്ഞ് നീരുവച്ചു. പ്രസേനൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ പ്രതാപനെ വിലക്കിയിട്ടും ഇയാൾ ആക്രമിക്കാനുള്ള രീതിയിലായിരുന്നുവെന്ന്‌ വീട്ടുകാർ പറഞ്ഞു. പ്രതാപൻ ഭീഷണിപ്പെടുത്തിയതായി പ്രദേശത്തെ നഗരസഭാ കൗൺസിലർ പറഞ്ഞു.  പ്രതാപനെതിരെ ജനുവരി 14ന് മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പ്രസേനന്റെ ഭാര്യ രമാദേവിയും സഹോദരിയും എത്തിയെങ്കിലും പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയാറായില്ല. ഒരു പൊലീസുകാരൻ വളരെ മോശമായി പെരുമാറിയെന്നും രമാദേവി പറയുന്നു. പിറ്റേ ദിവസമാണ് പരാതി സ്വീകരിച്ചത്. പെയിന്റിങ് ജോലിക്കാരനായ പ്രസേനൻ ജോലി ചെയ്യാനാകാതെ വിശ്രമത്തിലാണ്. ഹൃദ്‌രോഗിയായ ഗൃഹനാഥനെ ക്രൂരമായി ഉപദ്രവിച്ച പൊലീസുകാരനെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ ഇതിന്‌ മുമ്പും പല പരാതികളും ഉയർന്നതാണ്. മുമ്പ് മുള്ളിക്കുളങ്ങരയിൽ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി ഗൃഹനാഥനെ ക്രൂരമായി മർദിച്ചതിന് ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ജനങ്ങൾക്ക്‌ ഭീഷണിയായ ഇയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News