ചാത്തനാട്‌ സ്‌ഫോടനം: 2 പേർ റിമാൻഡിൽ

രാഹുൽ, ഷിജോ


ആലപ്പുഴ ചാത്തനാട്‌ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിൽ ബോംബ്‌ കൈവശംവച്ചതിന്‌ രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു.  അവലൂക്കുന്ന്‌ വൈക്കത്തുകാരൻ വീട് രേഷ്‌മനിവാസിൽ രാഹുൽ രാധാകൃഷ്‌ണൻ (32), ഗേറ്റിങ്കൽ ഷിജോ ആന്റണി (25 –-ചിന്നുക്കുട്ടൻ) എന്നിവരെയാണ്‌ ആലപ്പുഴ നോർത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  സ്‌ഫോടകവസ്‌തു കൈവശം വച്ചതിന്‌ ഇവർക്കെതിരെ കേസെടുത്തു. തിങ്കൾ വൈകിട്ട്‌ 5.30 ഓടെ രാഹുലിന്റെ വീട്ടിൽനിന്ന്‌ ബോംബ്‌ കണ്ടെത്തിയിരുന്നു.  രാഹുലിന്റെ വീട് ആക്രമിച്ചതിനെത്തുടർന്നുണ്ടായ ഗുണ്ടാ ഏറ്റുമുട്ടലിലാണ് സ്​ഫോടകവസ്​തു പൊട്ടി തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാർ (കണ്ണൻ –- 29)​ കൊല്ലപ്പെട്ടത്‌. രാഹുൽ വാടകയ്‌ക്ക്‌ താമസിക്കുന്ന മന്നത്ത് വാർഡിലെ വീടിന്റെ ടെറസിന്റെ പടിഞ്ഞാറുഭാഗം  കറുപ്പ് സെല്ലോടേപ്പ് ചുറ്റിയ സിലിണ്ടർ രൂപത്തിലാണ്‌ ബോംബ്‌ കിട്ടിയത്‌.   ബോംബ് സ്‌ക്വാഡ്‌ എത്തി പരിശോധിച്ചു. തെളിവ് ശേഖരിക്കാനായി എറണാകുളം റേ‍ഞ്ച് ബോംബ്‌ ഡിറ്റക്ഷൻ ഡിറ്റനേഷൻ സ്‌ക്വാഡിന്റെ (ബിഡിഡിഎസ്‌) നേതൃത്വത്തിൽ 5.30ന്‌ ചാത്തനാട് ശ്‌മശാനത്തിൽ പൊട്ടിച്ചു. അവശിഷ്‌ടങ്ങൾ ബുധൻ പരിശോധനയ്‌ക്ക്‌ അയക്കും.   ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ്, ഐഎസ്‌എച്ച്‌ഒ കെ പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ നിധിൻരാജ്, എഎസ്‌ഐ സുരേഷ്‌കുമാർ, സജീവ്, ജാക്‌സൺ, സുധീർ, സിപിഒമാരായ ജഗദീഷ്, ഡെബിൻ ഷാ, വിനീഷ്, മനോജ്, സുജിത്ത്, ആർ ശ്യാം, ജോസഫ് ജോയ് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ചെയ്‌തത്‌. ഇരുവരെയും റിമാൻഡ്‌ചെയ്‌തു. കണ്ണൻ​ കൊല്ലപ്പെട്ട സംഭവത്തിന്​ തൊട്ടുമുമ്പ്​​ ചാത്തനാട്​ കോളനിയിൽ മനു അലക്​സിനെ വീട്ടിൽക്കയറി വെട്ടിയകേസിൽ  അഞ്ചുപേർ റിമാൻഡിലാണ്‌. Read on deshabhimani.com

Related News