തിരയടിച്ചു, ജീവിതവും സംസ്‌കാരവും

"ആലപ്പുഴയുടെ തീരദേശം -പ്രകൃതിവിഭവങ്ങൾ അനുബന്ധ വ്യവസായം ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ 
കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി മേധാവി ഡോ. എ ബിജുകുമാർ പ്രബന്ധം അവതരിപ്പിക്കുന്നു


ആലപ്പുഴ കടലാഴങ്ങളെയും ചരിത്രത്തെയും വരച്ചുകാട്ടി ആലപ്പുഴ മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന സിമ്പോസിയം ശ്രദ്ധേയമായി. കേരള സർവകലാശാല അക്വാട്ടിക്‌ ബയോളജി വിഭാഗം തലവൻ ഡോ. എ ബിജുകുമാർ "ആലപ്പുഴയുടെ തീരദേശം; പ്രകൃതിവിഭവങ്ങൾ, അനുബന്ധവ്യവസായം, ചരിത്രവും വർത്തമാനവും' എന്ന വിഷയം അവതരിപ്പിച്ചു. ജില്ലയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ എങ്ങനെ സംസ്‌കാരത്തിന്‌ രൂപം നൽകിയെന്ന്‌ അദ്ദേഹം വിശദീകരിച്ചു.    പുഴകൾ കൊണ്ടുവന്ന മണ്ണിൽ മുളച്ച സംസ്‌കാരമാണ്‌ ആലപ്പുഴയുടേത്‌. ഇവിടത്തെ കൃഷിയും വ്യവസായങ്ങളും അതിന്റെ സൂചനയാണ്‌. തീരദേശമായതിനാൽതന്നെ വള്ളംനിർമിക്കാൻ കയർ വ്യവസായം വേണ്ടിവന്നു. തുറമുഖമെന്ന നിലയിൽ സുഗന്ധദ്രവ്യ കയറ്റുമതിക്ക്‌ മാർഗങ്ങളുണ്ടായി. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക്‌ നാടിന്റെ പരമ്പരാഗത വ്യവസായവും സംസ്‌കാരവുമാണ്‌ കാണേണ്ടതെന്നും അത്‌ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.    എം ജി സർവകലാശാല അസോസിയേറ്റ്‌ പ്രൊഫ. ഡോ. അജു കെ നാരായണൻ "ചരിത്രമൊഴുകുന്ന ആലപ്പുഴ' എന്ന വിഷയം അവതരിപ്പിച്ചു. ചിലർ മാത്രം രാജ്യത്ത്‌ മതിയെന്ന്‌ പറയുന്ന, ഒന്നിലേക്ക്‌ മാത്രം ചുരുങ്ങുന്ന കാലത്ത്‌ ചരിത്രപഠനം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽനിന്ന്‌ ഇന്ത്യയിലെത്തിയ ബുദ്ധമതത്തിന്റെ അടയാളങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാനുണ്ട്‌. ഇത്തരത്തിൽ വ്യത്യസ്‌ത മതങ്ങളെയും ആശയങ്ങളെയും സ്വീകരിച്ച നാടാണിത്‌. മതനിരപേക്ഷതയെയും ബഹുസ്വരതയെയും ജനാധിപത്യത്തെയും കാത്തുസൂക്ഷിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.    ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി. അഡ്വ. കെ എച്ച്‌ ബാബുജാൻ സംസാരിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാരാജ്‌ സ്വാഗതവും ഡോ. കിരൺ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News