പോര്‍ച്ചില്‍ നിർത്തിയിട്ട 
കാറും സ്‌കൂട്ടറും കത്തിനശിച്ചു

കാറും സ്‌കൂട്ടറും കത്തിനശിച്ച നിലയിൽ


ചെങ്ങന്നൂർ വീടിന്റെ കാർ പോർച്ചിൽ കിടന്ന കാറും സ്‌കൂട്ടറും കത്തി നശിച്ചു. വീടിനുള്ളിലേക്കും തീ പടർന്നു. ചെങ്ങന്നൂർ നഗരസഭയിൽ മംഗലം തലശേരിൽ എബ്രഹാം തോമസിന്റെ വീടിന്റെ കാർപോർച്ചിലാണ് തിങ്കൾ രാത്രി 12.30ഓടെ തീപിടിത്തം ഉണ്ടായത്.  കാർ പോർച്ചിൽ കിടന്ന മാരുതി സിലേറിയോ കാറും ടിവിഎസ് ജൂപിറ്റർ സ്‌കൂട്ടറുമാണ് കത്തിനശിച്ചത്.  കിടപ്പുമുറിയുടെ ജനൽ കത്തി മുറിക്കുള്ളിലേക്ക് തീ പടർന്നു. എയർ കൂളറും കട്ടിലും മെത്തയും പൂർണമായും കത്തിനശിച്ചു. സമീപത്തെ അലമാരയും  ഭാഗികമായി  കത്തി. മറ്റ്‌ മുറികളിൽ വ്യാപകമായി തീ പിടിച്ചില്ലെങ്കിലും വയറിങ്ങുകൾ പൂർണമായി കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.   എബ്രഹാമിന്റെ ഭാര്യ മറിയാമ്മ, മകൻ ജെസ്‌റ്റിൻ തോമസ്, ഭാര്യ അനു, രണ്ട്‌ മക്കൾ, എബ്രഹാമിന്റെ രണ്ടാമത്തെ മകന്റെ ഭാര്യയും കൈക്കുഞ്ഞും ഈ സമയം വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ  ഉണർന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. രാത്രി 10.15 ഓടെ മകൻ ജെസ്‌റ്റിൻ ചെങ്ങന്നൂരിൽ പോയി തിരകെയെത്തി കാർ പോർച്ചിൽ ഇട്ടതാണ്.   അഗ്നിരക്ഷാസേനയും സമീപവാസികളും എത്തി തീയണച്ചു. പൊലീസും  സ്ഥലത്തെത്തി. അഗ്നിരക്ഷാസേന ഗ്രേഡ് അസി. മോഹൻകുമാർ, ഫയർ ഓഫീസർമാരായ ആർ എസ് ബിനു, വിനോദ്കുമാർ, ബിനുലാൽ, വിക്രമരാജ്, പ്രദീപ്കുമാർ, തങ്കപ്പൻ എന്നിവരുടെ സംഘമാണ് തീയണച്ചത്. 14 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. ഫോറൻസിക് വിദഗ്‌ധർ പരിശോധിച്ചു. Read on deshabhimani.com

Related News