സെെന്യത്തിൽ ജോലി വാഗ്ദാനംചെയ്‌ത്‌ തട്ടിപ്പ്‌: 2 പേർ അറസ്‌റ്റിൽ



അമ്പലപ്പുഴ സെെന്യത്തിൽ ജോലി വാഗ്ദാനംചെയ്‌ത്‌ യുവാക്കളുടെ പണംതട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. എറണാകുളം കളമശേരി പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പള വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരെയാണ് അറസ്‌റ്റുചെയ്‌തത്. അമ്പലപ്പുഴ പുറക്കാട് ഭാഗങ്ങളിലെ പത്തോളം യുവാക്കളിൽ നിന്ന് അഞ്ചുലക്ഷം വീതം 50- ലക്ഷം രൂപയാണ് ഇവർ തട്ടിയത്.  ജോലി ഉറപ്പുനൽകി സർട്ടിഫിക്കറ്റ്‌ ഉൾപ്പെടെ രേഖകൾ വാങ്ങിയാണ്‌ തട്ടിപ്പ്‌. യുവാക്കളെ ബംഗളൂരു, യുപി എന്നിവിടങ്ങളിൽ എത്തിച്ച്‌ റിക്രൂട്ട്മെന്റിന് സമാനമായ സർട്ടിഫിക്കറ്റ് പരിശോധനകളും പരിശീലനവുംനടത്തി. ആർമിയുടെ ഔദ്യോഗിക കത്ത് ലഭിക്കുമ്പോൾ എത്തണമെന്നറിയിച്ച് നാട്ടിലേക്കയച്ചു.  കളമശേരിയിലെ സന്തോഷിന്റെ വീട്ടിൽവച്ചാണ് സിറിൾ പണവും മറ്റുരേഖകളും വാങ്ങിയത്. ഈ സമയം മേജറുടെ യൂണിഫോം ധരിച്ച് സന്തോഷ് ഇവിടെയുണ്ടായിരുന്നു. പണം കൈക്കലാകുന്നതോടെ ഇവരെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും എടുത്താൽ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകുമെന്നും പൊലീസ് പറഞ്ഞു. രണ്ടുവർഷം കഴിഞ്ഞിട്ടും ജോലിലഭിക്കാതെ വന്നവർ നൽകിയ പരാതിയിലാണ്‌ അമ്പലപ്പുഴ പൊലീസ് അന്വേഷണം. സന്തോഷിനെ ബംഗളൂരുവിൽനിന്നും സിറിളിനെ പാലക്കാടുനിന്നും പിടികൂടി. 2005 മുതൽ വിവിധ സ്‌റ്റേഷനുകളിൽ സന്തോഷിനെതിരെ കേസുണ്ട്. ശ്രീകുമാർ എന്ന പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. രണ്ടു വർഷം മുമ്പാണ് സിറിൾ സന്തോഷിനൊപ്പം ചേരുന്നത്.  ഇരുവരും ചേർന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു. അമ്പലപ്പുഴ സിഐ എസ് ദ്വിജേഷ്, എസ്ഐ പി ജെ ടോൾസൺ, സിപിഒമാരായ എം കെ വിനിൽ, യു വിനു കൃഷ്‌ണൻ, ദിനു വർഗീസ്, സി മനീഷ്, ജി അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇരുവരെയും അറസ്‌റ്റു ചെയ്‌തത്.   Read on deshabhimani.com

Related News