സർവകലാശാലകളെ 
കാവിവൽക്കരിക്കുന്നത് ചെറുക്കണം

സമ്മേളന പ്രതിനിധികൾക്കായി അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‍‍‍ളെ ഹിന്ദി ഗാനം ആലപിക്കുന്നു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത, പി കെ സൈനബ, പി കെ ശ്രീമതി, എൻ സുകന്യ, ടി എൻ സീമ എന്നിവർ സമീപം


 എം സി ജോസഫൈൻ നഗർ (ആലപ്പുഴ) സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെയും ചരിത്രത്തെയും കാവിവിൽക്കരിച്ച്‌ സർവകശാലാകളിലൂടെ അടിച്ചേൽപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌.    ഭരണഘടനാദിനമായ കഴിഞ്ഞ 26ന്‌ ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ 90 സർവകലാശാലകളിൽ പ്രഭാഷണം നടത്താനാണ്‌ യുജിസി നീക്കം. യുജിസി ചെയർമാൻ ഗവർണർമാർക്കെഴുതിയ കത്ത്‌  വിവാദമായിട്ടുണ്ട്‌.  ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലംമുതൽ ജനാധിപത്യം നിലനിന്നിരുന്നുവെന്നും പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട കത്ത്‌ പിൻവലിക്കണം.     പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നുവെന്നും അന്നത്തെ സംവിധാനം വിശിഷ്‌ടമായിരുന്നുവെന്നും യുജിസി ചെയർമാന്റെ അവകാശവാദം ചരിത്രവസ്‌തുതകൾക്ക്‌ നിരക്കാത്തതാണ്‌.  വർണാശ്രമവും ഉച്ചനീചത്വവും നിലനിന്ന യാഥാർഥ്യത്തെ മറച്ചുപിടിക്കുകയാണ്‌. ആർഎസ്‌എസും ബിജെപിയും നിയമിച്ച അവരുടെ പാവകളെപ്പൊലെ പ്രവർത്തിക്കുന്ന ഗവർണർമാരെ ഉപയോഗിച്ച്‌ അമിതാധികാര പ്രയോഗം നടത്തുകയാണ്‌.  വിദ്യഭ്യാസമേഖലയിൽ വർഗീയ അജൻഡ നടപ്പാക്കാൻ ബിജെപി ഗവർണർമാരിലൂടെയും യുജിസി ചെയർമാനിലൂടെയും ശ്രമിക്കുകയാണ്‌. ഇത്‌ ശാസ്‌ത്രചിന്തയും യുക്തിബോധവും ഇല്ലാതാക്കും.  യുജിസിയെ ഉപയോഗിച്ച്‌ സർവകലാശാലകളുടെ അക്കാദമിക്‌ സ്വാതന്ത്ര്യം ഇല്ലാതാക്കാനും വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. ഡോ. ടി ഗീനാകുമാരി പ്രമേയം അവതരിപ്പിച്ചു.   Read on deshabhimani.com

Related News