കോർപറേറ്റുകളെ സഹായിക്കാൻ കോൺ​ഗ്രസ്‌, ബിജെപി മത്സരം: എ വിജയരാഘവൻ

സിപിഐ എം തുമ്പോളി ലോക്കൽ കമ്മിറ്റി ഓഫീസ് കാട്ടൂർ ജോസഫ് സ്മാരക മന്ദിരം സംസ്ഥാന ആക‍്ടിങ് സെക്രട്ടറി എ വിജയരാഘവൻ 
ഉദ്ഘാടനംചെയ്യുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ സമീപം


ആലപ്പുഴ കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കാൻ പരസ്‍പരം മത്സരിക്കുകയാണ് കോൺ​ഗ്രസും ബിജെപിയുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ആലപ്പുഴ തുമ്പോളി ലോക്കൽ കമ്മിറ്റി ഓഫീസായ കാട്ടൂർ ജോസഫ് സ്‍മാരകമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് കൊള്ളലാഭം വർധിപ്പിക്കാനാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നത്. സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഒരു രൂപപോലും നികുതി വർധിപ്പിച്ചിട്ടില്ല.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയും വാഹനനികുതിയും ഭാവിക്കായി നിക്ഷേപമാക്കുന്ന പദ്ധതിയാണ് സർക്കാർ ആവിഷ്‍കരിച്ചത്.       കേരളത്തിന്റെ പുരോ​ഗതിയുടെ അടിത്തറ തകർക്കാൻ വലതുപക്ഷ ​ഗൂഢാലോചനയാണ് കോൺ​ഗ്രസും ബിജെപിയും കൈകോർത്ത്  നടത്തുന്നത്. എന്നാൽ അതിനെ മറികടന്ന് ഇടതുപക്ഷം മുന്നേറും. ഇടതുപക്ഷത്തിനെതിരെ ബിജെപി എന്ത് പറയുന്നോ അത് അംഗീകരിക്കുകയാണ് കോൺ​ഗ്രസ്. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്കെതിരാണ് നിലവിലെ പ്രതിപക്ഷം.  മൂന്ന് വർഷത്തിനുള്ളിൽ ആറുവരിപ്പാത സംസ്ഥാനത്ത് പൂർത്തിയാക്കും. കോർപറേറ്റുകൾക്ക് പാദസേവ ചെയ്യുന്ന നയങ്ങളെ തെരുവിൽ സമരംചെയ്‍ത് തോൽപ്പിക്കാനാകുന്ന തരത്തിൽ ജനകീയമുന്നേറ്റങ്ങൾ രൂപപ്പെട്ടെന്നും- വിജയരാഘവൻ പറഞ്ഞു.        ജില്ലാ സെക്രട്ടറി ആർ നാസർ ഫോട്ടോ അനാച്ഛാദനംചെയ്‍തു. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. ആലപ്പുഴ നോർത്ത് ഏരിയ  സെക്രട്ടറി വി ബി അശോകൻ, സൗത്ത്‌ ഏരിയ സെക്രട്ടറി അജയ്‌ സുധീന്ദ്രൻ, തുമ്പോളി ലോക്കൽ സെക്രട്ടറി ടി ജെ കുഞ്ഞുമോൻ, എന്‍ എസ് റോബര്‍ട്ട്, പി എച്ച് അബ്‌ദുൾ ​ഗഫൂർ, അമൃതാഭായി പിള്ള, സാം തോമസ്, ഇല്ലിക്കൽ കുഞ്ഞുമോൻ, സൗമ്യാരാജ്, കാട്ടൂര്‍ ജോസഫിന്റെ കുടുംബാം​ഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  Read on deshabhimani.com

Related News