കെട്ടിടങ്ങൾ പൊളിക്കല്‍ 
അവസാനഘട്ടത്തിൽ

ജില്ലാക്കോടതി പാലം പുനർനിർമാണത്തിന് കനാലിന്റെ ഇരുകരയിലും മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ


ആലപ്പുഴ  ജില്ലാക്കോടതി പാലം പുനർനിർമാണത്തിന്റെ ഭാഗമായി ഇരുകരകളിലുമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റിത്തുടങ്ങി. നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്‌. പുതിയ പാലത്തിന്റെ ഇരുകരകളിലുംകൂടി നാലുവശങ്ങളിലേക്ക് മേൽപ്പാലം നിർമിക്കുന്നതിനാണ്‌ മരം വെട്ടിമാറ്റുന്നത്‌. ഇരുവശങ്ങളിലായി 79 വൃക്ഷം നീക്കും. തെക്കേക്കരയിൽ ഔട്ട്‌പോസ്‌റ്റ്‌ മുതൽ ഐശ്വര്യവരെയും വടക്കേക്കരയിൽ മിനി സിവിൽ സ്‌റ്റേഷൻമുതൽ ബിസ്‌മിവരെയുമാണ്‌ മരം വെട്ടുന്നത്‌. 129 കോടി രൂപ ചെലവഴിച്ചാണ്‌ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണം.   നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയായിരിക്കും പുതിയ നിർമാണം. ഇതിനായി പാലത്തിന്റെ ഇരുവശങ്ങളിലും വ്യാപാരസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമടക്കം സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായിരുന്നു. ഇരുകരകളിൽനിന്നുമായി 280 സെന്റ് സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കനാൽക്കരയിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യകന്യകയുടെ ശിൽപ്പം കേടുപാടുകൾ ഇല്ലാതെ മാറ്റിസ്ഥാപിക്കും. പിന്നാലെ നിലവിലെ പാലം പൊളിച്ച് നിർമാണം തുടങ്ങും. 
 കിഫ്ബി ഏറ്റെടുത്ത സ്ഥലം നിർമാണച്ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി)  കൈമാറി. അടിപ്പാതയും ആകാശപ്പാതയും വരുന്ന രൂപത്തിൽ പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള ബ്രിഡ്‌ജസ് ഡിസൈനിങ്‌ യൂണിറ്റാണ്‌ രൂപകൽപ്പന ചെയ്‌തത്‌. 
 വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്ഡിവി ഗ്രൗണ്ടിന്‌ സമീപത്തുനിന്നും തെക്കേക്കരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന്‌ മുന്നിൽനിന്നും ഫ്ലൈ ഓവറും അടിപ്പാതയും ആരംഭിച്ച്‌ പൊലീസ് കൺട്രോൾ റൂമിന്‌ സമീപം അവസാനിക്കുന്ന തരത്തിലാണ്‌ പുതിയ മേൽപ്പാലം ഒരുങ്ങുന്നത്‌.   Read on deshabhimani.com

Related News