വേണ്ടത്‌ വിജ്ഞാനസമൂഹം



  ആലപ്പുഴ കാർഷിക വ്യവസായ വിപ്ലവകാലശേഷം നാം ജീവിക്കുന്നത്‌ വൈജ്ഞാനിക സമ്പത്ത്‌ കാലത്താണെന്നും നമുക്കാവശ്യം വൈജ്ഞാനിക സമൂഹമാണെന്നും ‘കേരളീയസമൂഹം വിജ്ഞാന സമ്പദ്‌ഘടനയിലേക്ക്‌ ’ സെമിനാർ അഭിപ്രായപ്പെട്ടു. സുശീലഗോപാലൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായിരുന്നു സെമിനാർ.  വിജ്ഞാനത്തെ കച്ചവടച്ചരക്കാക്കിയ കോർപറേറ്റ്‌ ഇടപെടലും സാങ്കേതികവിദ്യയെ കേന്ദ്രീകരിക്കുന്ന, തൊഴിൽപ്പടയെ മാത്രം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുകയും മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്തെ ഭൂരിപക്ഷം സർവകലാശാലകളും ലാഭോദ്ദേശ്യകേന്ദ്രങ്ങളാണ്‌. പുതിയ ദേശീയ വിദ്യാഭ്യാസനയം ശാസ്‌ത്രവിരുദ്ധവും വർഗീയതയും നിറഞ്ഞതാണ്‌. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിനുപകരം ഏകസംസ്‌കാരത്തെ കുറിച്ച്‌ അധ്യാപകർ ബോധവാൻമാരായിരിക്കണമെന്നാണ്‌ ദേശീയ വിദ്യാഭ്യാസനയം പറയുന്നത്‌.  ഇത്‌ ഹിന്ദുത്വ അജൻഡയുടെ ഭാഗമാണ്‌. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ കേരള സർക്കാർ ബദൽനിർദേശം വയ്‌ക്കുകയായിരുന്നു. കച്ചവടവും വർഗീയതയും കുത്തിനിറച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‌ ബദലാണ്‌ കേരള മോഡൽ–- സെമിനാർ അഭിപ്രായപ്പെട്ടു.  സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസലർ ഡോ. വി എൻ നാരായണൻ ഉദ്‌ഘാടനംചെയ്‌തു. എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ വിഷയം അവതരിപ്പിച്ചു. പ്രൊഫ. പി പവിത്രൻ അധ്യക്ഷനായി. ഡോ. എസ്‌ നസീബ്‌, ഷാഹിദബീഗം, എൻ ടി ശിവരാജൻ, ജി ഹരിശങ്കർ, ജെഫിൻ വർഗീസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News