ചരിത്രം തിരുത്തുന്നത് 
ഹിന്ദുരാഷ്ട്ര അജൻഡ നടപ്പാക്കാൻ

‘തിരുത്തപ്പെടുന്ന ഇന്ത്യാചരിത്രം’ സെമിനാറിൽ പി ജെ വിൻസെന്റ് വിഷയം അവതരിപ്പിക്കുന്നു


ആലപ്പുഴ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപി ശ്രമം ഹിന്ദുരാഷ്ട്ര അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന്‌ സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന "തിരുത്തപ്പെടുന്ന ഇന്ത്യാചരിത്രം "  സെമിനാർ അഭിപ്രായപ്പെട്ടു. മുസ്ലിം പേരുകൾ ചരിത്രത്തിൽനിന്ന് നീക്കുന്നു. സ്ഥലനാമങ്ങളും മാറ്റുന്നു. കെട്ടുകഥകളും യുക്തിരഹിതമായ ഐതീഹ്യങ്ങളും ചരിത്രമെന്നപേരിൽ പഠിപ്പിക്കാനാണ് ശ്രമം. പത്താംക്ലാസ്‌ വരെയാണ് കുട്ടികൾ പൊതുവായി ചരിത്രം പഠിക്കുന്നത്‌. ചരിത്രത്തെക്കുറിച്ചുള്ള പൊതുബോധം അതിൽനിന്നാണ്‌ രൂപപ്പെടുന്നത്‌. സ്കൂൾ സിലബസിലെ ചരിത്രം തിരുത്തി തങ്ങളുടെ താൽപര്യം പൊതുബോധമാക്കി മാറ്റാനാണ് ആർഎസ്‌എസ്‌ ശ്രമം. ഇതിനെ അക്കാദമികമായും സാമൂഹികമായും ചെറുക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.  ചരിത്രപഠനത്തിന്‌ ശാസ്‌ത്രീയ വീക്ഷണം അനിവാര്യമാണെന്ന്‌ അധ്യക്ഷ പ്രസംഗം നടത്തിയ പ്രൊഫ.  വി കാർത്തികേയൻനായർ പറഞ്ഞു. മിത്തുകളെ ചോദ്യം ചെയ്‌താണ്‌ ചട്ടമ്പി സ്വാമികൾ നവോത്ഥാന പഥികരിൽ പ്രഥമസ്ഥാനീയനായത്‌. ചരിത്രം ശാസ്‌ത്രത്തിന്റെ സഹായത്തോടെമാത്രമേ പൂർണമാകൂ. വിവിധയിടങ്ങളിൽ നിന്ന്‌ ലഭിച്ച മനുഷ്യ അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം മിത്തുകളെയും ഐതീഹ്യങ്ങളെയും തള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രൊഫ.വി കാർത്തികേയൻ നായർ അധ്യക്ഷനായി.ഡോ. പി ജെ വിൻസെന്റ്‌ വിഷയം അവതരിപ്പിച്ചു.ഡോ. ടി ആർ മനോജ്, മനു സി പുളിക്കൽ എന്നിവർ സംസാരിച്ചു. പ്രൊ. വി എൻ ചന്ദ്രമോഹനൻ സ്വാഗതംപറഞ്ഞു. Read on deshabhimani.com

Related News