ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

സുബിന ആശുപത്രിയിൽ


  അമ്പലപ്പുഴ/ ഹരിപ്പാട്‌ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി സ്‌കൂട്ടറിൽ മടങ്ങിയ നഴ്സിങ്‌ അസിസ്‌റ്റന്റിനെ ബൈക്കിലെത്തിയ രണ്ടുപേർ അടി‌ച്ചു വീഴ്‌ത്തിയശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  താൽക്കാലിക  നഴ്സിങ്‌ അസിസ്‌റ്റന്റായി ജോലി ചെയ്യുന്ന പല്ലന പാനൂർ ഫാത്തിമ മൻസിലിൽ  സുബിന(35)യെ ആണ് ആക്രമിച്ചത്.     കോവിഡ് ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്‌ച രാത്രി 11.25 നാണ് സുബിന മടങ്ങിയത്. തൃക്കുന്നപ്പുഴ റോഡിൽ പല്ലന ഹൈസ്‌കൂളിന് വടക്ക്‌ ബൈക്കിൽ പിന്നാലെയെത്തിയവർ ഹെൽമറ്റിന്‌ സുബിനയുടെ പുറത്തടിച്ചു.  അപ്രതീക്ഷിത  ആക്രമണത്തിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ അരികിലെ വൈദ്യുത തൂണിലിടിച്ച്‌ സുബിന താഴെവീണു.  അടുത്തെത്തിയ അക്രമികൾ സ്വർണാഭരണമുണ്ടോയെന്ന്‌ പരിശോധിച്ചു. ബൈക്കിൽകയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടിയ സുബിനയെ അക്രമികൾ പിന്തുടർന്നു.  വീണ്ടും പിടികൂടി റോഡിലേക്കു കൊണ്ടുവരുമ്പോൾ വടക്കുനിന്ന്‌ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് ജീപ്പ് വരുന്നതുകണ്ട്‌  സുബിനയെ വഴിയിൽ ഉപേക്ഷിച്ച്‌ അക്രമികൾ തോട്ടപ്പള്ളി ഭാഗത്തേക്ക്‌  രക്ഷപ്പെടുകയായിരുന്നു.    റോഡരികിൽ വീണുകിടന്ന സ്‌കൂട്ടർ കണ്ട്‌ നിർത്തിയ പൊലീസ് ജീപ്പിന് മുന്നിലേക്ക് ഭയന്നുവിറച്ച്‌ ഓടിയെത്തുകയായിരുന്നെന്നു സുബിന പറഞ്ഞു. കഴുത്തിനും കാലിനും പുറത്തും  പരിക്കേറ്റിരുന്നു.    വിവരമറിഞ്ഞെത്തിയ ബന്ധുക്കൾക്കൊപ്പം സുബിനയെ പൊലീസ് വീട്ടിലേക്കയച്ചു. ആസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ചു.  പൊലീസ്‌ പ്രതികളെ പിടിച്ചില്ലെന്നും സ്‌റ്റേഷനിൽ എത്തിയ ബന്ധുക്കളോട് പരാതിയെഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നെന്നു സുബിനയുടെ പിതാവ് പറഞ്ഞു.    പ്രദേശത്തെ സി സി  ടിവി ദൃശ്യങ്ങൾ ശേഖരിച്ച തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.  പ്രതികളെ  പിടിക്കാൻ പൊലീസ് തയ്യാറായില്ലെന്ന്‌  ഭർത്താവ് നവാസും പറഞ്ഞു.   Read on deshabhimani.com

Related News