വ്യക്തിഹത്യക്ക്‌ സ്‌ത്രീശക്തിയെ 
അടിച്ചമർത്താനാകില്ല: സുജാത

ആരോഗ്യമന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്താൻ നടന്ന ഗൂഢാലോചനയിൽ പ്രതിഷേധിച്ച് വള്ളികുന്നം കാഞ്ഞിരത്തുമൂട്ടിൽ നടത്തിയ പ്രതിഷേധം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ആരോഗ്യമന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്താൻ ക്രൈം അശ്ലീലവാരിക പത്രാധിപർ നന്ദകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയ്‌ക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ വ്യാപകപ്രതിഷേധം. ആരോഗ്യമന്ത്രിയെ അപമാനിക്കാനായി മറ്റൊരു സ്‌ത്രീയെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമിച്ചത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വള്ളികുന്നം കാഞ്ഞിരത്തുമൂട് മേഖലയിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനംചെയ്‌ത സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സി എസ് സുജാത പറഞ്ഞു. സമീപകാലത്തായി ഇത്തരം നിരവധി വ്യക്തിഹത്യകളാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുപ്രവർത്തനരംഗത്തും ഭരണരംഗത്തും മുന്നോട്ടുവരുന്ന സ്‌ത്രീകളെ ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് അടിച്ചമർത്താനുള്ള ശ്രമത്തെ സമൂഹം  ചെറുത്തുതോൽപ്പിക്കണമെന്ന് അഡ്വ. സി എസ് സുജാത പറഞ്ഞു. വിജി പ്രസാദ്, ഷീജ സുരേഷ്, ദീപ, അജിത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News