സാഹസികരെ ഇതിലേ ഇതിലേ

ആലപ്പുഴ ബീച്ചിലെ സീവ്യൂ പാർക്കിൽ അഡ്വഞ്ചർ പാർക്ക് ഒരുക്കുന്നതിന്റെ നിർമാണ പുരോഗതി എച്ച് സലാം എംഎൽഎ, കലക‍്ടർ കൃഷ്ണതേജ, ഡിടിപിസി സെക്രട്ടറി ലിജോ എന്നിവർ വിലയിരുത്തുന്നു


  ആലപ്പുഴ ബീച്ചിന്‌ സമീപത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സീവ്യൂ പാർക്കിൽ സഞ്ചാരികൾക്ക് ഉല്ലസിക്കാൻ അഡ്വഞ്ചർ ടൂറിസം പാർക്ക് ഒരുങ്ങുന്നു. ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വിവിധ അഡ്വഞ്ചർ ടൂറിസം സംവിധാനങ്ങളും ബോട്ടിങ്‌ സംവിധാനങ്ങളും കോർത്തിണക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗെയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, പെഡൽ ബോട്ട്, റോവിങ് ബോട്ടുകൾ, വാട്ടർ ബോൾ ഗെയിം, ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌, ലേസർ ഷോ, ഫിഷ് സ്‌പാ, ഫ്ലോട്ടിങ്‌ ഷോപ്പുകൾ, ലഘുഭക്ഷണശാലകൾ എന്നിവയടക്കം സജ്ജമാക്കുന്ന പദ്ധതിയിൽ കുട്ടികൾക്കുൾപ്പെടെ മതിയായ സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. പാർക്കിന്റെ ചുമരുകൾ ചിത്രകലകൾചെയ്‌ത്‌ മോടിയാക്കുന്നതിന്‌ പുറമെ ആവശ്യത്തിന് ദീപസംവിധാനങ്ങളുമൊരുക്കും. സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ ഏജ്‌ലെസ് കമ്പനിയാണ് സീവ്യൂ അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ സംരംഭകർ. എച്ച് സലാം എംഎൽഎ, കലക്‌ടർ വി ആർ കൃഷ്‌ണതേജ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ, ഏജ്‌ലെസ് കമ്പനി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തി. പുതുവർഷത്തിന് മുമ്പായി പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നും ആലപ്പുഴയുടെ കായൽ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ബീച്ച് ടൂറിസവും ഏറെ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് സീവ്യൂ പാർക്ക് ഇത്തരത്തിൽ നവീകരിച്ച് അഡ്വഞ്ചർ പാർക്ക് ഒരുക്കുന്നതെന്നും ആദ്യഘട്ടത്തിൽ 2.5 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News