അണയില്ല കാരുണ്യത്തിന്റെ അടുപ്പ്

വിശപ്പുരഹിത ചേർത്തല പദ്ധതിക്ക്‌ ചേർത്തല ടൗൺ ഈസ്‌റ്റ്‌ മേഖല കമ്മിറ്റി സമാഹരിച്ച വിഭവങ്ങളുമായുള്ള വാഹനം മന്ത്രി സജി ചെറിയാൻ ഫ്ലാഗ്‌ ഓഫ്‌ചെയ്യുന്നു


ചേർത്തല കോവിഡ്‌ കാലത്തും വിശപ്പുരഹിത ചേർത്തല പദ്ധതിയുടെ കാരുണ്യ കലവറ സമൃദ്ധം. സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റിയുടെ പദ്ധതിയിൽ മുന്നൂറിലേറെ പേർക്കാണ് ദിവസവും‌ ഉച്ചഭക്ഷണം സൗജന്യമായി വീട്ടിലെത്തിക്കുന്നത്. വിഭവങ്ങളും സ്‌പോൺസർഷിപ്പുമായി സുമനസുകളുടെ പിന്തുണയാണ്‌ സാന്ത്വനത്തിന്‌ കരുത്ത്‌. ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ അഞ്ച്‌ പഞ്ചായത്തിലെയും കുടുംബങ്ങളിലാണ്‌ ഭക്ഷണപ്പൊതി എത്തുന്നത്‌.  സാന്ത്വനം ആസ്ഥാനത്തെ അടുക്കളയിൽ തയാറാക്കുന്ന ഭക്ഷണം പ്രത്യേക വാഹനങ്ങളില്‍ 25 കിലോമീറ്റർ അകലെ അരൂക്കുറ്റിയിലും കായൽകടന്ന്‌ പെരുമ്പളത്തുമെത്തും. സന്നദ്ധപ്രവർത്തകരാണ്‌ വീടുകളിലേക്ക്‌ ഭക്ഷണപ്പൊതി കൈമാറുന്നത്‌. വിഭവങ്ങൾക്കും അനുബന്ധ ചെലവുകൾക്കുമായി പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപവേണം. ഓർമദിനങ്ങളിലും ആഘോഷനാളുകളിലും സുമനസുകൾ നൽകുന്ന സ്‌പോൺസർഷിപ്പും സംഘടനകളും സ്ഥാപനങ്ങളും എത്തിക്കുന്ന വിഭവങ്ങളും പദ്ധതിയുടെ വിജയത്തിൽ പ്രധാനഘടകമാണ്.  സൊസൈറ്റി മേഖലാ കമ്മിറ്റികൾ സമാഹരിക്കുന്ന വിഭവങ്ങളും സാന്ത്വനം അടുക്കളയെ സമൃദ്ധമാക്കുന്നു. ചേർത്തല ടൗൺ ഈസ്‌റ്റ്‌ മേഖലാ കമ്മിറ്റിയാണ്‌ വിഭവസമാഹരണം നടത്തിയത്‌. 100 ചാക്ക്‌ അരിയും പലവ്യഞ്‌ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെ കലവറയിലെത്തിച്ചു. മന്ത്രി സജി ചെറിയാൻ വിഭവങ്ങളുമായുള്ള വാഹനം ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ്‌, സാന്ത്വനം പ്രസിഡന്റ്‌ കെ രാജപ്പൻ നായർ, സെക്രട്ടറി പി എം പ്രവീൺ, എൻ ആർ ബാബുരാജ്‌, ഷേർളി ഭാർഗവൻ, പി എസ്‌ പുഷ്‌പരാജ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News