എടിഎം കാർഡ് തട്ടിയെടുത്ത് ലക്ഷങ്ങൾ അപഹരിച്ചു



മാന്നാർ ഉടമ അറിയാതെ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത വീട്ടുജോലിക്കാരൻ പിടിയിൽ. പന്തളം തുമ്പമൺ മുട്ടംമുറിയിൽ പോയികോണത്ത് കൃഷ്‌ണഭവനിൽ രാജേഷ് നായരെ (42) യാണ് മാന്നാർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. പ്രവാസിയായിരുന്ന ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്‌ണൻ തമ്പിയുടെ പരാതിയിലാണ് അറസ്‌റ്റ്‌.  പക്ഷാഘാതം മൂലം നാട്ടിൽ തിരികെയെത്തി ഒറ്റക്ക് താമസിക്കുന്ന രാധാകൃഷ്‌ണൻ സഹായത്തിനായാണ്‌ മാവേലിക്കരയിലെ ഹോം നഴ്സിങ്‌ ഏജൻസി വഴി രാജേഷിനെ ഒന്നര വർഷം മുമ്പ്‌ ജോലിക്ക് നിർത്തിയത്.  വീട്ടിലെ ആവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് പണം എടുക്കുന്നത്‌ രാജേഷായിരുന്നു. എടിഎം പിൻ നമ്പർ അറിയുമായിരുന്ന പ്രതിഎസ്ബിഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്ന് 2,85,000 രൂപയാണ് പലപ്പോഴായി തട്ടിയെടുത്തത്.  കഴിഞ്ഞ ദിവസം ബാങ്ക്‌ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് 2022 ജൂൺ മൂന്ന് മുതൽ 17വരെ പലതവണ പണം പിൻവലിച്ചിരിക്കുന്നത്‌ കണ്ടെത്തിയത്‌. തുടർന്ന്‌ രാധാകൃഷ്‌ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.  മാന്നാർ എസ്എച്ച്ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അഭിരാം, അനിൽകുമാർ, ഗ്രേഡ് എസ് ഐ ബഷിറുദ്ധീൻ, സിപിഒമാരായ ജഗദീഷ്, സൂരജ്, സ്വർണരേഖ എന്നിവരാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്‌തു. Read on deshabhimani.com

Related News