തണ്ണീർമുക്കത്ത്‌ അശാസ്‌ത്രീയ അടച്ചിടലെന്ന്‌‌ പഠനറിപ്പോർട്ട്‌



ആലപ്പുഴ  വേമ്പനാട്ട്‌ കായലിന്റെ പാരിസ്ഥിതിക ഘടനയിലെ മാറ്റത്തിന്റെ കാരണം തണ്ണീർമുക്കം ബണ്ടിന്റെ അശാസ്‌ത്രീയ അടച്ചിടലാണെന്ന്‌ കുഫോസ്‌ പഠനറിപ്പോർട്ട്‌. ഇതുമൂലം തെക്കൻ വേമ്പനാട്ട്‌ കായലിൽ ശുദ്ധജല സാന്നിധ്യവും മധ്യഭാഗത്ത്‌ കടൽജല സാന്നിധ്യവും കൂടുതലാകുന്നുണ്ട്‌.  വേലിയേറ്റം മധ്യവേമ്പനാട്ട്‌ കായലിന്റെ വടക്കൻ പകുതിയിൽ (കൊച്ചിമുതൽ 22 കിലോമീറ്റർ) പരിമിതിപ്പെട്ടതിനാൽ കായലിന്റെ തെക്കൻ ഭാഗത്ത്‌ നീരൊഴുക്ക്‌ വലിയതോതിൽ കുറഞ്ഞിട്ടുണ്ട്‌. ബണ്ട്‌ നിർമിച്ച 1973ന്‌ മുമ്പ്‌ തടാകത്തിന്റെ വാട്ടർ റെസിഡൻസ്‌ ടൈം 4.8 മുതൽ 5.5 ദിവസംവരെ ആയിരുന്നുവെങ്കിൽ ഇപ്പോൾ വർഷകാലത്ത്‌ അത്‌ 4.3 ഉം മറ്റ്‌ സമയങ്ങളിൽ 12.33 ദിവസവുമാണ്‌. വെള്ളത്തിന്റെ അളവ്‌ കുറയുന്ന (ഉയർന്ന റെസിഡൻസ്‌) സമയത്ത്‌ ഖരവസ്‌തുക്കളുടെ തോതും കളകളുടെ സാന്നിധ്യവും വളർച്ചയും വർധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്‌.  തോട്ടപ്പള്ളി സ്‌പിൽവേയുടെ വടക്കുഭാഗത്ത്‌ 500 മീറ്റർ അടുത്ത്‌ 200 മീറ്റർ നീളമുള്ള ബണ്ട്‌ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്‌. സ്‌പിൽവേയുടെ തെക്കോട്ട്‌ മഴവെള്ളത്തിന്റെ ഒഴുക്ക്‌ ബണ്ട്‌ തടസപ്പെടുത്തുന്നു. ഇതുമൂലം സ്വാഭാവിക വെള്ളമൊഴുക്കിന്റെ വേഗം നേർപകുതിയായി കുറഞ്ഞു. 2021 സെപ്‌തംബറിലെ കണക്കുപ്രകാരം ബണ്ടിന്റെ വടക്ക്‌ 37 സെന്റിമീറ്റർ (സെക്കന്റ്‌) വേഗത്തിലായിരുന്നു ഒഴുക്ക്‌. ബണ്ട്‌ നിർമിച്ചശേഷം ഇത്‌ 18. 8 ആയി കുറഞ്ഞു.  മഴയില്ലാത്ത മാസങ്ങളിൽ സ്‌പിൽവേയുടെ വടക്കുഭാഗത്തേക്കുണ്ടാകുന്ന ഒഴുക്ക്‌ തടസപ്പെടുത്തുന്നുണ്ട്‌. അതുമൂലം സ്‌പിൽവേ മുഖത്തിന്‌ അഭിമുഖമായി മണൽത്തിട്ട ഉയരാം.  കാലവർഷം ശക്തമാകുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ കട്ടികുറവായ മഴവെള്ളം കടൽവെള്ളത്തിന്റെ ഉപരിതലത്തിലാണ്‌ സംഭരിക്കപ്പെടുന്നത്‌. വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളത്തിന്റെ അളവിനെ മഴവെള്ളം നിയന്ത്രിക്കും. ശക്തമായ തിരമാലകൾ ഉണ്ടാകുംവരെ ഇതിന്‌ മാറ്റമുണ്ടാകാറില്ല. ബണ്ട്‌ ഈ സംവിധാനത്തെ തകർക്കുമെന്നും പഠനറിപ്പോർട്ടിലുണ്ട്‌. Read on deshabhimani.com

Related News