തീരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരസദസ്



  ആലപ്പുഴ തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിൽ കേട്ട് മനസിലാക്കി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരസദസ്‌ സംഘടിപ്പിക്കും. ജനങ്ങളോട്  സംസാരിച്ച് അവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാര നടപടി സ്വീകരിക്കുകയും സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് തീരസദസ്‌.  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് സദസ്‌ സംഘടിപ്പിക്കുന്നത്. എംഎൽഎമാർ അധ്യക്ഷരാകും. തീരദേശ മണ്ഡലങ്ങളായ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ എന്നിവിടങ്ങളിലാണ് സദസ്‌ ചേരുന്നത്.   ഒരു ദിവസം രണ്ടുമണ്ഡലങ്ങളിൽ സദസ്‌ സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ ഒരു മണ്ഡലത്തിലും മൂന്നുമുതൽ വൈകിട്ട് ഏഴുവരെ അടുത്ത മണ്ഡലത്തിലും.  ആദ്യത്തെ രണ്ടുമണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചയും അടുത്ത രണ്ടു മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവും നടക്കും.  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് പ്രയോജനപ്പെടുത്തി പ്രാദേശികമായ പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ഒരു ചുവടുവയ്‌പ് കൂടിയാണിത്.    പങ്കെടുക്കാനായി മത്സ്യത്തൊഴിലാളികൾ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്സൈറ്റിൽ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായോ മത്സ്യഭവനുകൾ മുഖേന നേരിട്ടോ നൽകണം. പരാതികൾ/അപേക്ഷകൾ ഏപ്രിൽ 15നകം നൽകണം. ഇങ്ങനെ ലഭിക്കുന്നവ മാത്രമേ തീരസദസ്‌ പരിപാടിയിലൂടെ തീർപ്പാ‌ക്കാൻ സാധിക്കൂവെന്ന്‌ അധികൃതർ  അറിയിച്ചു. Read on deshabhimani.com

Related News