ബാറ്ററി മോഷ്‌ടാവ്‌ പിടിയിൽ



ചേർത്തല നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന്‌ രാത്രി ബാറ്ററി മോഷണം പതിവാക്കിയ യുവാവിനെ പൊലീസ്‌ പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കളം കോളനിയിൽ രഞ്‌ജിത്ത്(28) ആണ് പിടിയിലായത്. ചേർത്തല താലൂക്കിൽ ബാറ്ററിമോഷണം ആവർത്തിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി ടി ബി വിജയന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌. മോഷ്‌ടിച്ച 40ൽപ്പരം ബാറ്ററി ഇയാൾ വിറ്റതും കണ്ടെത്തി.   അന്വേഷകസംഘം ഒരാഴ്‌ച തുടർന്ന പരിശ്രമത്തിലാണ്‌ ഇയാൾ കുടുങ്ങിയത്. പാതയോരങ്ങളില 250ൽപ്പരം സിസിടിവി കാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്‌ടാവിനെ കണ്ടെത്തിയത്. ടാക്‌സിഡ്രൈവറായ രഞ്‌ജിത്ത് ട്രിപ്പ്‌ കഴിഞ്ഞ്‌ മടങ്ങുംവഴിയാണ് പാതയോരത്തെ വാഹനങ്ങളിൽനിന്ന്‌ ബാറ്ററി മോഷ്‌ടിച്ചിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.   വിഴിഞ്ഞത്തെ മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കുമാണ് ബാറ്ററി വിറ്റത്. ചേർത്തല താലൂക്കിന്‌ പുറമെ കോട്ടയം ജില്ലയിലും ഇയാൾ മോഷണം നടത്തിയെന്ന്‌ കണ്ടെത്തി. വിഴിഞ്ഞം സ്‌റ്റേഷനിലും ഇയാൾക്കെതിരെ മോഷണക്കേസുണ്ട്.  പ്രത്യേക സംഘാംഗങ്ങളായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, ശ്രീക്കുട്ടൻ, നിതിൻ, അനീഷ്‌ ബൈജു എന്നിവരും പട്ടണക്കാട് എസ്ഐ നിധിൻരാജ്, സിപിഒ രഞ്‌ജിത്ത് എന്നിവരുമാണ് അന്വേഷണത്തിൽ പങ്കെടുത്തത്. Read on deshabhimani.com

Related News