പ്രാണന്റെ വിലയാണ്‌ 
ഈ ജീവിതരചനയ്‌ക്ക്‌

പുസ്തകം വിറ്റുകിട്ടയ പണം പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ ശശിചന്ദ്ര ബേബിക്ക് കെെമാറുന്നു


 ചാരുംമൂട്     സ്വന്തം വൃക്ക മാറ്റിവയ്‍ക്കല്‍ ശസ്‌ത്രക്രിയക്ക് പണം കണ്ടെത്താന്‍ ജീവിതാനുഭവങ്ങള്‍ എഴുതി വില്‍ക്കുകയാണ് കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം പുന്നവിളവീട്ടിൽ ശശിചന്ദ്ര ബേബി (39). എട്ടുവർഷം മുമ്പാണ്‌ കൊല്ലം അണ്‍എയ്ഡഡ് സ്‍കൂളിലെ സംഗീത അധ്യാപകനായ ശശിചന്ദ്ര ബേബിക്ക് വൃക്കരോഗം കണ്ടെത്തിയത്‌. കൊല്ലം എസ് എൻ കോളേജിൽനിന്ന് പൊളിറ്റിക്കിൽ സയൻസിൽ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹത്തിന് അനുജൻ വൃക്ക ദാനംചെയ്‍തെങ്കിലും വീണ്ടും നിലച്ചു.    സംഗീതാധ്യാപികയായ ഭാര്യ ശിൽപ്പയുടെ വൃക്കകൾ ഫലപ്രദമാണെന്ന് കണ്ടതോടെയാണ് വീണ്ടും ശസ്‍ത്രക്രിയക്ക്‌ നീക്കങ്ങള്‍ തുടങ്ങിയത്. ലക്ഷങ്ങൾ ആവശ്യമായി വന്നതോടെ തന്റെ ഏഴുവർഷത്തെ ജീവിതാനുഭവങ്ങള്‍ ശശിചന്ദ്ര ബേബി ‘കഡാവർ' എന്ന പേരില്‍ നോവലാക്കി. സൈന്ധവ ബുക്‍സ് പ്രസിദ്ധീകരിച്ചു. പുസ്‌തകം വിറ്റുകിട്ടുന്ന തുകകൊണ്ട് ശസ്‌ത്രക്രിയ നടത്താനാണ് തീരുമാനം. 200 രൂപയാണ് വില.     ശശി ചന്ദ്രബേബിയും ശിൽപ്പയും പ്രണയവിവാഹിതരാണ്. ഇരുവര്‍ക്കും സഹായമായി പുരോ​ഗമന കലാ സാഹിത്യ സംഘം ചാരുംമൂട് ഏരിയ പ്രവര്‍ത്തകരുണ്ട്. നോവലിന്റെ കോപ്പികള്‍ സംഘം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വില്‍ക്കുകയാണ്.  ഒന്നാം ഘട്ടമായി ലഭിച്ച പണം ശശി ചന്ദ്ര ബേബിയുടെ വീട്ടിലെത്തി ഏരിയ കമ്മിറ്റി അംഗം എൻ ലക്ഷ്‌മണൻ, ചാരുംമൂട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആർ ചെല്ലപ്പൻ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ദിനേശ് വെട്ടിക്കോട് എന്നിവർ കൈമാറി.  കൈരളി ടിവിയിലൂടെ ശശിചന്ദ്ര ബേബിയുടെ ദുരിതജീവിതമറിഞ്ഞ കെഎസ്ആർടിസി റിട്ട. ഇൻസ്‌പെക്‌ടർ കൂടിയായ എൻ ലക്ഷ്‌മണനാണ് ചാരുംമൂട്ടിലെ സംഘം പ്രവർത്തകരെക്കൊണ്ട് പുസ്‌തകം ഏറ്റെടുപ്പിച്ചത്. Read on deshabhimani.com

Related News