ലിജു ഉമ്മനെ വര്‍ക്കലയിലെത്തിച്ച്‌ തെളിവെടുത്തു



മാവേലിക്കര തഴക്കര കഞ്ചാവ് കേസിലെ മുഖ്യപ്രതി ലിജു ഉമ്മനെ വ്യാജ ആധാർ കാർഡ് നിർമിച്ച് കൈവശം വച്ച  കേസിൽ വർക്കലയിലെത്തിച്ച്‌ തെളിവെടുത്തു. ഇയാളുടെ പേഴ്‌സിൽനിന്ന് ലഭിച്ച സ്വന്തം ഫോട്ടോ പതിച്ച ആധാർ കാർഡിലെ സാബു ജോൺസൺ, മഠത്തിൽ തറയിൽ, കുടശനാട് എന്ന മേൽവിലാസം നിലവിലില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.  കായംകുളം സ്വദേശിയായ സുഹൃത്താണ് തനിക്ക് വ്യാജ ആധാർ കാർഡ് നിർമിച്ച് നൽകിയതെന്നും ഇയാള്‍ വര്‍ക്കല റെയില്‍വേ സ്‍റ്റേഷനടുത്താണ് താമസിക്കുന്നതെന്നുമാണ് ലിജുവിന്റെ മൊഴി. ഇതുപ്രകാരമാണ് മാവേലിക്കര എസ്ഐ അംശുവിന്റെ നേതൃത്വത്തില്‍ അന്വേഷകസംഘം വര്‍ക്കലയിലെത്തിയത്. വർക്കല റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് തനിക്ക് ആധാർ കാർഡ് കൈമാറിയതെന്നും ലിജു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.  മാവേലിക്കര സണ്ണി വധക്കേസിൽ ലിജു ഉമ്മന്റെ കൂട്ടുപ്രതിയായിരുന്നു കായംകുളം സ്വദേശിയെന്ന് പൊലീസ് പറഞ്ഞു.    കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്‌ച ലിജുവിനെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്‌ചയാണ് കസ്‌റ്റഡിയിൽ വാങ്ങിയത്.  കഞ്ചാവ് എത്തിച്ചുതന്നത് കമ്പം സ്വദേശി മുരുകേശൻ ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിന് കമ്പത്ത് എത്തിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. Read on deshabhimani.com

Related News